+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബിയിൽ യുഎഇ – ഇന്ത്യ ഫെസ്റ്റിനു 26 നു തുടക്കം

അബുദാബി: ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ യുഎഇ–ഇന്ത്യാ ഫെസ്റ്റ് 26, 27, 28 തീയതികളിൽ നടക്കും. 26നു വൈകിട്ട് അഞ്ചു മുതൽ രാത്രി 11.30 വരെയും 27, 28 തീയതികളിൽ വൈകിട്ടു നാലുമുതൽ രാത്രി 11.30 വരെയുമാണ്
അബുദാബിയിൽ യുഎഇ – ഇന്ത്യ ഫെസ്റ്റിനു 26 നു തുടക്കം
അബുദാബി: ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ യുഎഇ–ഇന്ത്യാ ഫെസ്റ്റ് 26, 27, 28 തീയതികളിൽ നടക്കും. 26നു വൈകിട്ട് അഞ്ചു മുതൽ രാത്രി 11.30 വരെയും 27, 28 തീയതികളിൽ വൈകിട്ടു നാലുമുതൽ രാത്രി 11.30 വരെയുമാണ് ഫെസ്റ്റ്. മൂന്നു ദിവസങ്ങളിലായി നാൽപതിനായിരത്തിലധികം സന്ദർശകർ ഫെസ്റ്റ് ആസ്വദിക്കാനെത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന കലാസാംസ്കാരിക സംഗീത പരിപാടികളും ഭക്ഷ്യ വിഭവങ്ങളുമായാണ് ഫെസ്റ്റിവൽ സജീകരിച്ചിരിക്കുന്നത്. സാംസ്കാരിക, വിനോദ, വിദ്യാഭ്യാസ പരിപാടികളോടെയാവും ഇത്തവണത്തെ ഫെസ്റ്റിവൽ. ഫെസ്റ്റിവൽ നഗരിയിൽ മൂന്നു ദിവസത്തെ പ്രവേശനത്തിന് ഈടാക്കുന്ന പത്തു ദിർഹത്തിന്റെ പ്രവേശന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനാർഹനാകുന്ന വ്യക്തിക്ക് അൽ മസൂദ് ഓട്ടമൊബീൽസ് നൽകുന്ന റെനോ ഡസ്റ്റർ കാർ സമ്മാനിക്കും.

ന്യൂഡൽഹിയിലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ആറുവർഷമായി നടന്നുവരുന്ന ഇന്ത്യാ ഫെസ്റ്റിന് ഇക്കുറി യുഎഇ–ഇന്ത്യ ഫെസ്റ്റ് എന്നു പേരിട്ടത്.

വിവിധ സംസ്ഥാനങ്ങളുടെ തനത് വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രത്യേക വിപണികളും ഉണ്ടായിരിക്കും. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ രക്ഷാകർത്തൃത്വത്തിൽ യുഎഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രാലയം, അബുദാബി പൊലീസ്, അബുദാബി മുനിസിപ്പൽ കാര്യം, ഗതാഗത വകുപ്പ്, യുഎഇ ബിസിനസ് സമൂഹം എന്നിവയുടെ സഹകരണത്തോടെയാണു ഫെസ്റ്റിവൽ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള