2016 റിക്കാർഡ് ചൂടേറിയ വർഷം

08:32 PM Jan 20, 2017 | Deepika.com
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷം എന്ന റിക്കാർഡ് 2016 തിരുത്തിയെഴുതി. നേരത്തെ ഇത് 2015 വർഷത്തിലായിരുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2015 ലേതിനെ അപേക്ഷിച്ച് 0.07 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു 2016ലെ ശരാശരി താപനില എന്ന് ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പഠനത്തിൽ വ്യക്തമാക്കി. ആവറേജ് താപനില 18 നും 30 നും ഇടയിലായിരുന്നു.

എൽ നീനോ പ്രതിഭാസമാണ് ഇതിനൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മനുഷ്യന്‍റെ പ്രവർത്തനങ്ങൾ കാരണം സംഭവിച്ച കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളലും നിർണായക പങ്കുവഹിച്ചു.

കഴിഞ്ഞ വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ താപനില ക്രമാതീതമായി വർധിച്ചിരുന്നതിനാൽ, ഇത് റിക്കാർഡ് തകർക്കപ്പെടുന്ന വർഷമായിരിക്കുമെന്ന് മേയ് മാസത്തോടെ തന്നെ ചില കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നതാണ്.
1880കൾ മുതലുള്ള കണക്കുകൾ വച്ച്, 2016 തന്നെയാണ് ചരിത്രത്തിലെ ചൂടേറിയ വർഷമെന്നാണ് നാസയുടെയും വിലയിരുത്തൽ. 0.1 മുതൽ 0.12 ഡിഗ്രി വരെയാവാം വ്യത്യാസമെന്നും നാസയുടെ പഠനത്തിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ