മെർക്കലിന് നന്ദി പറഞ്ഞ് ഒബാമ

08:31 PM Jan 20, 2017 | Deepika.com
ബെർലിൻ: യുഎസുമായിട്ടുള്ള ജർമനിയുടെ നല്ലകാലം കഴിഞ്ഞുവെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ മെർക്കലിനെ നന്ദി അറിയിച്ചു. അധികാരമൊഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വ്യാഴാഴ്ച രാത്രിയിൽ ഒബാമ ജർമൻ ചാൻസലർ ആംഗല മെർക്കലിനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചത്.

കഴിഞ്ഞ എട്ടു വർഷമായി ജർമനി യുഎസിനും ഒബാമയ്ക്കും നൽകിയ പിന്തുണയിൽ ഒബാമ തികഞ്ഞ സംതൃപ്തിയാണ് മെർക്കലിനെ അറിയിച്ചത്. ജർമനിയുമായി ഉണ്ടാക്കിയ ഉഭയകക്ഷി ബന്ധം യൂറോപ്പുമായി ഏറ്റവും കൂടുതൽ അടുക്കുവാനും സഹായിച്ചതായി ഒബാമ പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി യുഎസ് പ്രസിഡന്‍റ് എന്ന നിലയിൽ ജർമനിയുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഒബാമയുടെ അവസാനത്തെ സന്ദർശനം ജർമൻകാരെ പ്രത്യേകിച്ച് ചാൻസലർ മെർക്കലിനെ ഏറെ വികാരധീനയാക്കിയിരുന്നു.
ഈ വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മെർക്കലിന് എല്ലാ വിജയാശംസകളും നേരാനും ഒബാമ മറന്നില്ല.

എട്ടു വർഷം അമേരിക്കയുടെ ഭരണാധിപനായിരുന്ന ഒബാമ ഏഴു തവണ യുഎസ് പ്രസിഡന്‍റ് എന്ന നിലയിൽ ജർമനി സന്ദർശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ