ഡ്രൈവിംഗ് ലൈസൻസ്; വൃദ്ധരുടെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് പരിധി ഉയർത്തണം: ഡോക്ടർമാരുടെ സംഘടന

08:30 PM Jan 20, 2017 | Deepika.com
സൂറിച്ച്: ഡ്രൈവിംഗ് ലൈസൻസുള്ള സീനിയർ സിറ്റിസണ്‍സിനുള്ള ആരോഗ്യ ഫിറ്റ്നസ് പരീക്ഷയുടെ കാലാവധി 70 ൽ നിന്നും 75 ലേക്ക് ഉയർത്തണമെന്ന് സ്വിറ്റസർലൻഡിലെ ജനറൽ പ്രാക്ടീഷണർമാരുടെയും ശിശുരോഗ വിദഗ്ധരുടെയും സംഘടന ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് പാർലമെന്‍റിൽ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ എംപി മാക്സിമിലിയാൻ റൈമാൻ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയെ പിന്തുണയ്ക്കുന്നതായി സംഘടനയുടെ പ്രസിഡന്‍റ് ഫിലിപ്പെ ലുക്സിംഗർ വ്യക്തമാക്കി.

നിലവിൽ 70 വയസ് പൂർത്തിയായവർ അപ്പോൾ തൊട്ട് ഓരോ രണ്ടു വർഷം കൂടുന്പോൾ ജനറൽ പ്രാക്ടീഷണർമാരുടെ അടുത്തുനിന്നും സ്വന്തം ചെലവിൽ ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. പെൻഷൻ പ്രായം 65 ആയ സ്വിസിലെ വൃദ്ധർ എഴുപതാം വയസിലും ഫിറ്റ് ആയതുകൊണ്ട്, ഇത് 75 ലേക്ക് ഉയർത്തണം. ഇതുമൂലം വൃദ്ധർക്ക് സാന്പത്തിക ലാഭവും ഡോക്ടർമാർക്ക് ജോലിഭാരവും കുറയും. ജനറൽ പ്രാക്ടീഷണർ മേഖലയിൽ ആവശ്യത്തിനുവേണ്ട ഡോക്ടർമാർ സ്വിസിൽ ഇല്ല. ഇവിടുത്തെ ഒട്ടാകെയുള്ള ഡോക്ടർമാരിൽ അഞ്ചിൽ ഒന്ന് ജർമൻകരാണെന്നും ഇവരെ വച്ചാണ് കാര്യങ്ങൾ ഓടിച്ചുപോകുന്നതെന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു.

റിപ്പോർട്ട്: ടിജി മറ്റം