+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണം: അംബാസഡർ ഫർവാനിയ ഗവർണറെ സന്ദർശിച്ചു

കുവൈത്ത് : മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കെതിരെ അബാസിയയിൽ ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരം തേടി ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ ഫർവാനിയ ഗവർണറെ സന്ദർശിച്ചു. അക്രമം ആവർത്തിക്കാ
ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണം: അംബാസഡർ ഫർവാനിയ ഗവർണറെ സന്ദർശിച്ചു
കുവൈത്ത് : മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കെതിരെ അബാസിയയിൽ ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരം തേടി ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ ഫർവാനിയ ഗവർണറെ സന്ദർശിച്ചു. അക്രമം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബാഹിനോട് അഭ്യർഥിച്ചു.

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കല, ഒഐസിസി ഭാരവാഹികൾ കഴിഞ്ഞ ദിവസം സ്ഥാനപതിയെ കണ്ടു പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. കുവൈത്തിലെത്തിയ ജോയ്സ് ജോർജ് എംപിയും സുനിൽ ജെയിനുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. തൊട്ടടുത്ത ദിവസംതന്നെ സ്ഥാനപതി നേരിട്ട് ഇടപെട്ടതോടെ പരിഹാര നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

അതിനിടെ കുവൈത്തിൽ ഇന്ത്യക്കാർ നിരന്തരമായ അതിക്രമത്തിനും കവർച്ചയ്ക്കും ഇരയാവുന്നതായ പരാതിയിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോർട്ട് തേടി. ട്വിറ്ററിലൂടെ നൽകിയ പരാതിയിൽ ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുള്ള മറുപടി ട്വിറ്ററിലൂടെ തന്നെയാണ് നൽകിയത്.

പിടിച്ചുപറിയും കവർച്ചയും പതിവാവുകയും സ്ത്രീകൾക്കും കുട്ടികൾക്കുമൊന്നും സുരക്ഷിതരായി പുറത്തിറങ്ങി നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം നിരവധി സംഭവങ്ങളുണ്ടായി. പകൽപോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. തമിഴ്നാട്ടുകാരനായ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തശേഷം ദേഹത്ത് വാഹനം ഇടിച്ചുകയറ്റിയത് രാവിലെ പത്തരയോടെയാണ്. ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിനു സമീപം ആളുകൾ നോക്കിനിൽക്കെയാണ് ഈ അതിക്രമം അരങ്ങേറിയത്. രാത്രി ഒന്പതിന് ശേഷം ഭീതിയോടെയല്ലാതെ ഇറങ്ങിനടക്കാൻ കഴിയാതായിട്ടുണ്ട്. ഒരാഴ്ച മുന്പ് മലയാളി നഴ്സിന്‍റെ ബാഗ് തട്ടിപ്പറിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ സിവിൽ ഐഡിയും പണവുമടങ്ങിയ ബാഗും കവർച്ച ചെയ്യപ്പെട്ടു. വാഹനങ്ങളിൽ കറങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. തട്ടിപ്പറിക്കുന്ന സിവിൽ ഐഡി ഉപയോഗിച്ച് വിവിധ മൊബൈൽ കന്പനികളിൽനിന്ന് ഐ ഫോണ്‍ അടക്കമുള്ള വിലകൂടിയ ഫോണുകൾ വാങ്ങി ഉടമയ്ക്ക് ബാധ്യത വരുത്തുന്നതായും പരാതിയുണ്ട്.

കേന്ദ്രമന്ത്രിയുടെയും എംബസിയുടെയും ഇടപെടൽ സുരക്ഷിതജീവിതത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അബാസിയയിലെ പ്രവാസി സമൂഹം.

റിപ്പോർട്ട്: സലിം കോട്ടയിൽ