+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരത് മുരളി നാടകോത്സവം: ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകം, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്

അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ എട്ടാമത്് ഭരത് മുരളി നാടകോത്സവത്തിൽ തിയേറ്റർ ക്രിയേറ്റീവ് ഷാർജ അവതരിപ്പിച്ച ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകമായും മികച്ച സംവിധായകനായി ശ്രീജ
ഭരത് മുരളി നാടകോത്സവം: ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകം, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്
അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ എട്ടാമത്് ഭരത് മുരളി നാടകോത്സവത്തിൽ തിയേറ്റർ ക്രിയേറ്റീവ് ഷാർജ അവതരിപ്പിച്ച ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകമായും മികച്ച സംവിധായകനായി ശ്രീജിത്ത് പൊയിൽക്കാവും തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടകമായും യുവകലാ സാഹിതി അബുദാബി അവതരിപ്പിച്ച മാക്സിം ഗോർക്കിയുടെ ‘അമ്മ’ മൂന്നാം സ്‌ഥാനവും നേടി.

വർത്തമാനകാല സാമൂഹികാവസ്‌ഥകളോട് സാർഥകമായി പ്രതികരിക്കുകയും ഒരു സമ്പൂർണനാടകമായി പ്രേക്ഷക പങ്കാളിത്തത്തോട് കൂടി അരങ്ങിലെത്തിക്കുകയും ചെയ്തതിനാണ് അരാജകവാദിയുടെ അപകടമരണം മികച്ച നാടകമായി തെരഞ്ഞെടുത്തതെന്ന് വിധികർത്തക്കളായ ഡോ. ഷിബു കൊട്ടാരത്തിലും ജയസൂര്യയും അഭിപ്രായപ്പെട്ടു.

ഇറ്റാലിയൻ നാടകകൃത്തും അഭിനേതാവുമായ ദാരിയോ ഫോയെ നോബൽ സമ്മാനത്തിനർഹമാക്കിയ ‘അരാജകവാദിയുടെ അപകടമരണം’ നിരപരാധികൾക്കുമേൽ കുറ്റമാരോപിച്ച് ജയിലറകളിൽ ഫാസിസ്റ്റ് ഭരണകൂടങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന പതിനായിരങ്ങളുടെ അവസ്‌ഥ അക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ഇന്ത്യൻ പശ്ചാത്തലത്തിൽ അരങ്ങിലെത്തിക്കുകയായിരുന്നു.

വിശ്വവിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ അരങ്ങിന്റെ സാങ്കേതികത്തികവോടെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തിയ രംഗാവതരണത്തിനായിരുന്നു ജൊനോ ജോസഫ് സംവിധാനം നിർവഹിച്ച ‘ചിരി’യെ മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുത്തത്.

‘അരാജകവാദിയുടെ അപകടമരണം’ സംവിധാനം ചെയ്ത ശ്രീജിത്ത് പൊയിൽക്കാവായിരുന്നു മികച്ച സംവിധായകൻ. ഇതേ നാടകത്തിൽ കിറുക്കനെ അവിസ്മരണീയമാക്കിയ അഷറഫ് കിരാലൂരിനെ മികച്ച നടനായും ‘അമ്മയിൽ’ അമ്മയെ ജീവസ്സുറ്റതാക്കിയ ദേവി അനിലിനെ മികച്ച നടിയായും ‘പെരുങ്കൊല്ലനിൽ’ മാണിക്യത്തെ അവതരിപ്പിച്ച ദിൽഷ നിനേഷിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നടനായി ‘ചിരി’യിലൂടെ ചാർളി ചാപ്ലിന് ജീവൻ പകർന്ന പ്രകാശ് തച്ചങ്ങാടും മാസ് അബുദാബി അവതരിപ്പിച്ച ‘അദ്രികന്യ’യിൽ അദ്രിയായി വേഷമിട്ട അനന്തലക്ഷ്മി ഷെരീഫും ‘അദ്രികന്യ’യിൽ അദ്രിയുടെ ബാല്യകാലം അവതരിപ്പിച്ച ശ്രേയ ഗോപാലും രണ്ടാമത്തെ ബാലതാരമായും തെരഞ്ഞെടുത്തു. പ്രകാശവിതാനം മഞ്ജുളൻ (അദ്രി കന്യ), രംഗ സജ്‌ജീകരണം വിനു കാഞ്ഞങ്ങാട് (അദ്രികന്യ), ചമയം ക്ലിന്റ് പവിത്രൻ (അദ്രികന്യ), പശ്ചാത്തലസംഗീതം അനു രമേശ് (അദ്രികന്യ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ഭഗ്നഭവനം, ലൈറ്റ്സ് ഔട്ട് എന്നീ നാടകങ്ങളിലെ പ്രകാശവിതാനത്തിന് രവി പട്ടേനയ്ക്ക് ജൂറിയുടെ സ്പെഷൽ പുരസ്കാരത്തിന് അർഹനായി.

യുഎഇ യിൽ നിന്നുള്ള നിന്നുള്ള മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് അൽ ഐൻ മലയാളി സമാജം അവതരിപ്പിച്ച ‘ദി ട്രയൽ’ എന്ന നാടകത്തിന്റെ സംവിധായകനായ സാജിദ് കൊടിഞ്ഞിയെയാണ്. ഭരത് മുരളി നാടകോത്സവത്തിൽ ഇത് നാലാം തവണയാണ് മികച്ച സംവിധായകനായി സാജിദ് കൊടിഞ്ഞിയെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുമായി മത്സരരംഗത്തുണ്ടായിരുന്ന പന്ത്രണ്ട് നാടകങ്ങളിൽ യുഎഇയിൽ നിന്ന് അഞ്ച് സംവിധായകരുടെ നാടകങ്ങളാണുണ്ടായിരുന്നത്.

നാടകോത്സവത്തിന്റെ ഭാഗമായി യുഎഇ അടിസ്‌ഥാനത്തിൽ സംഘടിപ്പിച്ച ഏകാംഗ നാടക രചനാ മത്സരത്തിൽ സമീർ ബാബു രചിച്ച ‘കുട’ സമ്മാനർഹമായി. സേതുമാധവന്റെ ‘സ്വാഭാവികമായ ചില മരണങ്ങൾ’ എന്ന ലഘുനാടകം ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനർഹമായി.

സെന്റർ പ്രസിഡന്റ് പി. പത്മനാഭൻ അധ്യക്ഷത വഹിച്ച അവാർഡ് സമർപ്പണ ചടങ്ങിൽ വിധികർത്താക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ എന്നിവരും യുഎഇ എക്സ്ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാർ, അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ്, എവർ സേഫ് ആൻഡ് സേഫ്റ്റി മാനേജിംഗ് ഡയറക്ടർ എം.കെ. സജീവ്, ജനറൽ സെക്രട്ടറി ടി.കെ. മനോജ്, കലാവിഭാഗം സെക്രട്ടറി കെ.വി. ബഷീർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള