കുടിയേറ്റം പൂർണമായി നിരോധിക്കണം: ഓസ്ട്രിയൻ രാഷ്ര്‌ടീയ പാർട്ടി

02:16 PM Jan 18, 2017 | Deepika.com
സാൽസ്ബുർഗ്: കുടിയേറ്റം പൂർണമായി നിരോധിക്കണമെന്ന് ഓസ്ട്രിയയിലെ ഫ്രീഡം പാർട്ടി നേതാവ് ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാച്ചെ. നാലായിരത്തോളം പാർട്ടി അനുഭാവികളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കുടിയേറ്റമെന്നാൽ ഇസ് ലാമികവത്കരണമാണെന്നും ഇത് എത്രയും വേഗം നിർത്തലാക്കിയില്ലെങ്കിൽ ഓസ്ട്രിയയുടെയും യൂറോപ്പിന്റെയും അന്ത്യമായിരിക്കും ഫലമെന്നുമാണ് സ്ട്രാച്ചെ മുന്നറിയിപ്പു നൽകി.

നാസി ചിഹ്നങ്ങളെയും ആശയങ്ങളെയും പൂർണമായി നിരോധിച്ച ലോകയുദ്ധാനന്തര കാലഘട്ടത്തെയാണ് ഇപ്പോൾ ഇസ് ലാമിക തീവ്രവാദത്തിനെതിരായ നിയമ നിർമാണങ്ങൾ ഓർമിപ്പിക്കുന്നതെന്ന് പാർട്ടി പിന്നീട് ഇതിനു വിശദീകരണം നൽകി. ഇസ് ലാമികവത്കരണത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾ അത്രയേറെ വ്യാപകമാണെന്നതിനു തെളിവാണിതെന്നും പാർട്ടി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ