ചൈനീസ് പ്രസിഡന്റിന് പറക്കാൻ എയർ ചൈന

06:03 PM Jan 16, 2017 | Deepika.com
സൂറിച്ച്: സ്വിറ്റ്സർലൻഡ് സന്ദർശനത്തിനും ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക്ക് ഫോറത്തിലും പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സ്വിറ്റസർലൻഡിൽ എത്തി. എയർ ചൈനയുടെ യാത്ര വിമാനമായ ബോയിംഗ് 747 400 ലായിരുന്നു ഔദ്യോഗിക സംഘത്തിനൊപ്പം അദ്ദേഹത്തിന്റെ യാത്ര.

നരേന്ദ്ര മോദിയെ പോലെ എയർ ഇന്ത്യ വൺ, ബറാക് ഒബാമയെ പോലെ എയർഫോഴ്സ് വൺ, വ്ളാഡിമിർ പുട്ടിനെപ്പോലെ ലീയുഷിൻ 11 തുടങ്ങിയ പ്രത്യേക എയർക്രാഫ്റ്റുകൾ ഒന്നും ഉപയോഗിക്കുന്ന ആളല്ല ഷി ജിൻപിംഗ്. ചൈനീസ് പ്രസിഡന്റിന് മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ എയർ ചൈനയുടെ ഒരു പാസഞ്ചർ ഫ്ളൈറ്റ് ധാരാളം. എയർ ചൈനയുടെ ബി 2447, ബി 2472 സീരിയൽ നമ്പരിലുള്ള രണ്ട് എയർക്രാഫ്റ്റുകളിൽ ഏതെങ്കിലും ഒന്നാണ് പ്രസിഡന്റിനായി ഉപയോഗിക്കുന്നത്.

പ്രസിഡന്റ് വിദേശ സന്ദർശനത്തിൽ അല്ലാത്തപ്പോൾ എയർ ചൈനയുടെ ഒരു സാദാ പാസഞ്ചർ എയർക്രാഫ്റ്റായി ഇത് ഉപയോഗിക്കുകയും ചെയ്യും. സൗത്ത് മോർണിംഗ് ചൈന പോസ്റ്റ് പറയുന്നതനുസരിച്ച് ജിൻപിംഗിന്റെ വിദേശ പര്യടനങ്ങൾക്ക് ഒരു മാസം മുമ്പ് ബോയിംഗ് 747 400 നെ സർവീസിൽ നിന്നും പിൻവലിക്കും. ചൈനീസ് പ്രസിഡന്റിന്റെ യാത്രക്കുവേണ്ട സുരക്ഷാ സംവിധാനങ്ങൾ, ഒപ്പമുള്ള ഔദ്യോഗിക സംഘത്തിന് വേണ്ടുന്ന സൗകര്യങ്ങൾ എന്നിവ താത്കാലികമായി ഒരുക്കാൻവേണ്ടിയാണിത്.

നാല് വിഭാഗങ്ങളായി തിരിക്കുന്ന എയർക്രാഫ്റ്റിലെ മുന്നിലെ രണ്ട് സെഷനുകളിൽ പ്രസിഡന്റിനും മുതിർന്ന ഉദ്യോഗസ്‌ഥന്മാർക്കുമുള്ള ഇരിപ്പിട, വിശ്രമ, കോൺഫറൻസ് സൗകര്യങ്ങളാണ് ഇതിൽ പ്രധാനം. പുറകിൽ മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, മെഡിക്കൽ വിഭാഗങ്ങൾക്കുവേണ്ടിയുള്ള സെഷനുകളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും എയർക്രാഫ്റ്റിൽ വരുത്തേണ്ടതില്ല.

ബോയിംഗ് 747 കാറ്റഗറിയിൽപ്പെടുന്ന ഒരു എയർക്രാഫ്ട്, പാസഞ്ചർ ഫ്ളൈറ്റായി ഉപയോഗിച്ചാൽ പ്രതിദിന ലാഭം 40,000 യുഎസ് ഡോളറാണ്. മാത്രവുമല്ല പ്രസിഡന്റിന്റെ ആവശ്യങ്ങൾക്ക് മാത്രമായി ഒരു എയർക്രാഫ്റ്റ് രൂപപ്പെടുത്തിയിട്ട്, ഇടയ്ക്കൊക്കെ പറക്കുന്ന ഇത്തരം എയർക്രാഫ്റ്റുകളെക്കാൾ സുരക്ഷാ പാളിച്ചകൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടുക ഡെയിലി സർവീസിലുള്ള എയർക്രാഫ്റ്റുകളിൽ ആയിരിക്കുമെന്നും ചൈനീസ് പത്രം പറയുന്നു. ജിൻപിംഗിന്റെ മുൻഗാമികളും പ്രത്യേക പ്രസിഡൻഷ്യൽ ഫ്ളൈറ്റുകളിലായിരുന്നു യാത്ര ചെയ്തിരുന്നത്. 2013 മുതലാണ് ചൈനീസ് പ്രസിഡന്റ് വിദേശപര്യടനം എയർ ചൈനയിലേക്ക് മാറ്റിയത്.

ചൈനീസ്, യുഎസ് പ്രസിഡന്റുമാർ ബോയിംഗ് 747 മോഡൽ യാത്രക്ക് ഉപയോഗിക്കുമ്പോൾ, റഷ്യൻ പ്രസിഡന്റിന്റേത് റഷ്യയുടെ ജിടികെ റോസിയ എയർ ക്രാഫ്റ്റ് ആണ്. യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ പഴഞ്ചനാണെന്ന് പറഞ്ഞ് പുതിയതൊരെണ്ണം വാങ്ങാനുള്ള നീക്കത്തെ നിയുക്‌ത പ്രസിഡന്റ് ട്രംപ് എതിർത്തത് അടുത്തിടെ വാർത്തയായിരുന്നു.

റിപ്പോർട്ട്: ടിജി മറ്റം