+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികൾ കേരളത്തിന്റെ കാവൽക്കാർ: പി.ടി. കുഞ്ഞിമുഹമ്മദ്

ദോഹ: പ്രവാസികൾ കേരളത്തിന്റെ കാവൽക്കരാണെന്നും പ്രവാസമാണ് കേരളത്തെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും മാറ്റി മറിച്ചതെന്നും സാംസ്കാരിക പ്രവർത്തകനും ചലചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ് അ
പ്രവാസികൾ കേരളത്തിന്റെ കാവൽക്കാർ: പി.ടി. കുഞ്ഞിമുഹമ്മദ്
ദോഹ: പ്രവാസികൾ കേരളത്തിന്റെ കാവൽക്കരാണെന്നും പ്രവാസമാണ് കേരളത്തെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും മാറ്റി മറിച്ചതെന്നും സാംസ്കാരിക പ്രവർത്തകനും ചലചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച ‘സഫലമാകണം ഈ പ്രവാസം’ കാമ്പയിനിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ഥാനത്തിന്റെ നെടുംതൂണായ പ്രവാസികളോട് മാറിമാറി വരുന്ന ഭരണകൂങ്ങളും ഉദ്യോഗസ്ഥരും തികഞ്ഞ അവഗണനയാണ് കാണിച്ചത്. പ്രവാസി ക്ഷേമത്തിനായി സമർപ്പിക്കുന്ന പദ്ധതികളൊക്കെ അംഗീകരിക്കാനും നടപ്പിലാക്കാനും ഉദ്യോഗസ്ഥർ സന്നദ്ധമാകാത്തതിനാൽ പലപ്പോഴും നിർദേശങ്ങൾ കടലാസുകളിലൊതുങ്ങുകയാണെന്ന് പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം പറഞ്ഞു.

പ്രവാസികളിൽ നിന്നും പലതും നേടി എടുക്കാൻ അതിവേഗത കാണിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ പ്രവാസികൾക്ക് തിരിച്ച് നൽക്കുന്നതിൽ അനന്തമായ കാലതാമസമാണ് വരുത്തുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ പറഞ്ഞു. എമിഗ്രേഷൻ നിയമങ്ങൾ പോലും കാലാനുസൃതമായി പരിഷ്ക്കരിക്കാൻ തയാറായിട്ടില്ല. പ്രവാസികളുടെ പല പ്രശ്നങ്ങളും അവർ സ്വയം തന്നെയാണ് പരിഹരിക്കുന്നതെന്നും പ്രവാസികളുടെ കാര്യത്തിൽ പുനരധിവാസ പദ്ധതികളുൾപ്പെടെ പ്രവാസിയുടെ ജീവിതത്തിന് സംരക്ഷണം നൽകുന്ന നിലപാടുകൾ ഗവൺമെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

വക്റ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ കൾചറൽ ഫോറം സംഘടിപ്പിച്ച ‘സഫലമാകണം ഈ പ്രവാസം’ കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് നടന്ന ‘എക്സ്പാറ്റ്സ്് ഫിയസ്റ്റ 2017’ ഐസിബിഎഫ് പ്രസിഡന്റ് ഡേവീസ് എടക്കുളത്തൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രവാസി ജീവിതത്തിലെ ആരോഗ്യം മുതൽ സമ്പാദ്യം വരെ ചിത്രീകരിച്ച പ്രദർശനം പ്രവാസികളിൽ അവബോധം സൃഷ്ടിക്കാൻ ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുത്ത ആരോഗ്യ പരിശോധന, ഖത്തറിന്റെ പാരമ്പര്യം, കേരളത്തനിമ എന്നിവ ചിത്രീകരിച്ച സ്റ്റാളുകൾ, പ്രവാസം കേരളത്തെ മാറ്റിയതും പ്രവാസയുടെ ജീവിതവും വരച്ചുകണിച്ച പവലിയൻ, നോർക്ക സ്റ്റാൾ, വെൽഫെയർ കോർണർ, മോഡൽ ബജറ്റ്, ജൈവകൃഷി തുടങ്ങിയ സ്റ്റാളുകൾ സന്ദർശകരെ ഏറെ ആകർഷിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ എക്സ്പാറ്റ് ഫിയസ്റ്റയുടെ ഔപചാരിക ഉദ്ഘാടനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ നിർവഹിച്ചു. ഖത്തറിലെത്തുന്ന പ്രവാസികൾ നിർബന്ധമായും അിറഞ്ഞിരിക്കേണ്ട നിയമങ്ങളും വിവരങ്ങളുമുൾക്കൊളളുന്ന മെബൈൽ ആപ്പിന്റെ പ്രഖ്യാപനം ഐസിസി പ്രസിഡന്റ് മിലൻ അരുൺ നിർവഹിച്ചു.

കൾച്ചറൽ ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസത്തിന്റെ നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന മലയാളി പ്രവാസി ഹൈദറിനെ ചടങ്ങിൽ പി.ടി കുഞ്ഞിമുഹമ്മദ് ആദരിച്ചു. കാമ്പയിന്റെ ഭാഗമായി നടത്തിയ ട്രോൾ, ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുളള ട്രോഫികൾ മുഖ്യാതിഥികൾക്ക് പുറമെ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമാരായ ശശിധരപണിക്കർ, സുഹൈൽ ശാന്തപുരം, റജീന അലി, ജനറൽ സെക്രട്ടറി റഷീദ് അഹമ്മദ് എന്നിവർ വിതരണം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി റഫീഖുദ്ദീൻ പാലേരി പ്രമേയാവതരണം നടത്തി. ജനറൽ സെക്രട്ടറി റോണി മാത്യു, കാമ്പയിൻ ജനറൽ കൺവീനർ മജീദ് അലി എന്നിവർ പ്രസംഗിച്ചു. എൻ.കെ.എം അബ്ദുഷുക്കൂർ, കൾച്ചറൽ ഫോറം ജില്ല പ്രസിഡന്റമാർ തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് ബാച്ചിലർ റൂം തീം ഷോ, ഗാനമേള എന്നിവ അരങ്ങേറി.