ജർമൻ പോസ്റ്റ് ഓഫീസുകളിലെ മെയിൽ ബോക്സുകൾക്ക് ചാർജ്

07:43 PM Jan 14, 2017 | Deepika.com
ഫ്രാങ്ക്ഫർട്ട്: ജർമൻ പോസ്റ്റ് ഓഫീസുകളിലെ മെയിൽ ബോക്സുകൾക്ക് മാർച്ച് ഒന്നു മുതൽ വാടക പോലെ ചാർജ് ഈടാക്കും. സാധാരണ മെയിൽ ബോക്സുകൾക്ക് ഒരു വർഷം 19,20 യൂറോ ആണ് ചാർജ്. എന്നാൽ കൂടുതൽ വലിപ്പമുള്ളതും ഒന്നിൽ കൂടുതൽ മെയിൽ ബോക്സ് ഉള്ളവർക്കും കൂടിയ ചാർജ് നൽകണം. മെയിൽ ബോക്സുകളുടെ സംരക്ഷണം, പരിപാലനം എന്നിവയിൽ വന്ന വർധിച്ച ചെലവാണ് പുതിയ ചാർജുകൾ ഈടാക്കാൻ ജർമൻ പോസ്റ്റ് വ്യക്തമാക്കി.

1490 ൽ റോമൻ ഭരണാധികാരി മാക്സ്മില്യൻ ഒന്നാമനാണ് ജർമനിയിൽ പോസ്റ്റൽ സർവീസ് ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജർമൻ പോസ്റ്റൽ സർവീസ് പുനരുദ്ധരിച്ചു. അന്നു മുതൽ ഓരോ പൗരനും സംഘടനകൾക്കും വ്യവസായ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പോസ്റ്റ് ഓഫീസുകളിൽ അവരുടെ എഴുത്തുകളും മറ്റു മെയിലുകളും അതാത് മേൽവിലാസത്തിൽ വിതരണം ചെയ്യാതെ മെയിൽ ബോക്സുകൾ വാങ്ങാനും അവയിൽ നിക്ഷേപിക്കാനും പോസ്റ്റ് ഓഫീസുകൾക്ക് അധികാരം നൽകാമായിരുന്നു. ഈ മെയിൽ ബോക്സുകൾക്ക് ഇതുവരെ സർവീസ് ഈടാക്കിയിരുന്നില്ല.

ജർമനിയിലെ മിക്കവാറും എല്ലാ പ്രവാസി സംഘടനകൾക്കും മെയിൽ ബോക്സുകൾ ഉണ്ട്. പുതുതായി വരുന്ന ഈ മെയിൽ ബോക്സ് ചാർജ് ഒഴിവാക്കാൻ ഒന്നുകിൽ ദിവസേന സ്വയം പോസ്റ്റ് ഓഫീസുകളിൽ പോയി മെയിൽ എടുക്കുകയോ, അല്ലെങ്കിൽ മെയിലിനായി സ്‌ഥിരം മേൽവിലാസം നൽകുകയോ ചെയ്യാം.

റിപ്പോർട്ട്: ജോർജ് ജോൺ