ട്രംപിനെക്കുറിച്ചുള്ള റഷ്യൻ രേഖയിൽ പങ്കില്ല: ബ്രിട്ടന്റെ യൂറോപ്യൻ അംബാസഡർ

08:56 PM Jan 13, 2017 | Deepika.com
ലണ്ടൻ: യുഎസിന്റെ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റഷ്യൻ വൃത്തങ്ങളുമായി നേരത്തേ ബന്ധമുണ്ടായിരുന്നു എന്നാരോപിക്കുന്ന രഹസ്യ രേഖ കൂടുതൽ വിവാദത്തിലേക്ക്. ബ്രിട്ടന്റെ പുതിയ യൂറോപ്യൻ യൂണിയൻ അംബാസഡർ സർ ടിം ബാരോയാണ് ഈ രേഖയ്ക്കു പിന്നിലെന്നാണ് പുതിയ വെളിപ്പെടുത്തൽ.

എന്നാൽ, ഈ രേഖയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബാരോ ആവർത്തിച്ചു വ്യക്‌തമാക്കി. ബ്രിട്ടനിൽനിന്നുള്ള പേരു വെളിപ്പെടുത്താത്ത ഒരു ചാരനാണ് ഈ രേഖ തയാറാക്കിയതെന്ന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ഈ ചാരനും ബാരോയും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

എം16 ൽ പ്രവർത്തിച്ചിരുന്ന ചാരൻ ക്രിസ്റ്റഫർ സ്റ്റീലാണ് കഥാ നായകൻ. 90കളുടെ തുടക്കത്തിൽ സ്റ്റീലും ബാരോയും ഒരുമിച്ച് മോസ്കോയിലാണ് പ്രവർത്തിച്ചിരുന്നത്. ഇരുവരും 1993ൽ ബ്രിട്ടീഷ് ഫോറിൻ ഓഫിസിൽ തിരിച്ചെത്തിയതും ഒരേ സമയത്താണ്.

അതേസമയം, ട്രംപിനെതിരായ രേഖകൾ തയാറാക്കിയതു താനാണെന്ന വാർത്ത പുറത്തുവന്നതോടെ ക്രിസ്റ്റഫർ സ്റ്റീൽ ഒളിവിൽ പോയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ചിത്രം റഷ്യ പുറത്തുവിടുകയും ചെയ്തു.

സോഷ്യലിസ്റ്റായി അറിയപ്പെടുന്ന സ്റ്റീൽ തൊണ്ണൂറുകളിൽ റഷ്യൻ ചാര സംഘടനയായ കെജിബിയുടെ നിരീക്ഷണത്തിലായിരുന്നു.

ഇപ്പോൾ എഫ്ബിഐയുമായി ചേർന്ന് ഫിഫയ്ക്കെതിരായ അന്വേഷണത്തിനു സഹായിക്കുന്ന ഇന്റലിജൻസ് കൺസൾട്ടന്റാണ് സ്റ്റീൽ. അദ്ദേഹം തയാറാക്കിയതെന്നു പറയുന്ന രേഖയിൽ ട്രംപിന്റെ ലൈംഗിക കേളികളെക്കുറിച്ചും പരാമർശമുണ്ട്.

അതേസമയം, ആരെയും മുൻ ചാരൻ എന്നു വിളിക്കാൻ കഴിയില്ലെന്നും ചാരൻ എന്നും ചാരൻ തന്നെയാണെന്നും റഷ്യയുടെ പ്രതികരണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ