ഓൺലൈൻ തീവ്രവാദം തടയാൻ ഡെൻമാർക്ക്

08:55 PM Jan 13, 2017 | Deepika.com
കോപ്പൻഹേഗൻ: ഓൺലൈനായി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ ഡെൻമാർക്ക് വഴി തേടുന്നു. ഇതിനുള്ള പദ്ധതിയും സർക്കാർ തയാറാക്കി. അതേസമയം, ഇത് അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നടപടിയാണെന്ന വിമർശനവും ഉയർന്നു തുടങ്ങി.

തീവ്രവാദ സംഘടനങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ പൂർണമായി നിരോധിക്കുക എന്നതാണ് പദ്ധതിയിലെ ആദ്യ ഇനം. പോലീസിന്റെ അപേക്ഷ അനുസരിച്ച് കോടതിയായിരിക്കും ഏതൊക്കെ വെബ്സൈറ്റുകൾ നിരോധിക്കണമെന്നു തീരുമാനിക്കുക എന്നാണ് സർക്കാർ തയാറാക്കി പാർലമെന്റിന്റെ പരിഗണനയ്ക്കു വയ്ക്കുന്ന പദ്ധതിയിൽ പറയുന്നത്.

തീവ്രവാദം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് മറ്റൊരു പ്രധാന വ്യവസ്‌ഥ. തീവ്രവാദത്തിന്റെ വഴിയിൽ യാത്ര തുടങ്ങിയവരെ മുഖ്യധാരയിൽ തിരിച്ചെത്തിക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. ഇതിൽ പങ്കെടുത്താൽ മാത്രം പരോൾ ലഭിക്കുന്ന രീതിയിലാണ് രൂപകല്പന.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ