ഫ്രാൻസിൽ പകർച്ചപ്പനി: യൂറോപ്പിൽ ജാഗ്രതാ നിർദേശം

08:33 PM Jan 13, 2017 | Deepika.com
പാരീസ്: ഫ്രാൻസിൽ വ്യാപകമായി പകർച്ചപ്പനി പടർന്നു പിടിക്കുന്നു. ശൈത്യകാലത്ത് വ്യാപകമാകുന്ന H3N2 വൈറസുകളാണ് പനി പടരുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിവരുന്നത്. ഇവരിൽ ഭൂരിഭാഗവും പ്രായമായവരും മധ്യവയസ്കരുമാണ്.

രണ്ട് വർഷം മുമ്പ് ഫ്രാൻസിൽ 18,000 പേരുടെ മരണത്തിന് കാരണമായ വൈറസിന്റെ വകഭേദമാണ് H3N2 വൈറസുകൾ. ഫ്രഞ്ച് ആരോഗ്യമന്ത്രി മാരിസോൾ റ്റുറെയ്ൻ ആശുപത്രികൾ സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തകയും ചെയ്തു. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 142 ആശുപത്രികളും പനി ബാധിതരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ കഴിയുന്നതും ഫ്രാൻസ് സന്ദർശനം ഒഴിവാക്കണമെന്നും യൂറോപ്യൻ ആരോഗ്യ വകുപ്പ് കമ്മീഷണർ അൻഡ്രിയുകാറ്റിസ് അറിയിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ