സ്വിസ് പൗരത്വത്തിന് മൂന്നാം തലമുറയ്ക്ക് ഇളവ്: ഹിതപരിശോധന ഫലം സസ്പെൻസിൽ

08:30 PM Jan 13, 2017 | Deepika.com
സൂറിച്ച്: സ്വിസിൽ കുടിയേറിയ മൂന്നാം തലമുറക്ക് പൗരത്വം സംബന്ധിച്ച് ഇളവ് അനുവദിക്കണമോ എന്ന് ഫെബ്രുവരി 12ന് നടക്കുന്ന ഹിതപരിശോധനയിൽ സ്വിസ് ജനത വിധിയെഴുതും. പൗരത്വം നൽകുന്നതിന് ഇതര യൂറോപ്യൻ രാജ്യങ്ങളെക്കാൾ കർശനമായ ചട്ടങ്ങളുള്ള സ്വിസിൽ, മൂന്നാം തലമുറക്ക് ഇളവുകൾ നൽകുന്നതിനെതിരെ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ യാഥാസ്‌ഥിക വലതുപക്ഷ കക്ഷികൾ നിലയുറപ്പിച്ചിട്ടുള്ളപ്പോൾ, ഹിതപരിശോധനയുടെ വിധി ആകാംക്ഷജനകമാണ്.

25 വയസിന് താഴെയുള്ള, സ്വിസിൽ ജനിച്ച് അഞ്ചു വർഷമെങ്കിലും ഇവിടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പോയിട്ടുള്ളവരാണ് ഹിതപരിശോധനയുടെ പരിധിയിൽ വരുന്നത്. മാതാപിതാക്കളിൽ ഒരാളെങ്കിലും 10 വർഷത്തിൽ കുറയാതെ സ്വിസിൽ താമസിച്ചിരിക്കുക, ഇവിടെ വിദ്യാഭ്യാസം ചെയ്തിരിക്കുക, മുത്തച്ഛനോ, മുത്തശിയോ സ്വിസിൽ ഉണ്ടായിരിക്കുക എന്നിവയാണ് മറ്റു നിബന്ധനകൾ.

സ്വിസ് പൗരത്വത്തിനുള്ള അപേക്ഷകളിൽ നിലവിൽ വർഷങ്ങൾ നീണ്ട നടപടി ക്രമങ്ങളിലൂടെ അപേക്ഷകന്റെ വാസസ്‌ഥലത്തെ മുനിസിപ്പാലിറ്റിയും പ്രവിശ്യയുമാണ് പ്രധാനമായും തീരുമാനം എടുക്കുന്നത്. ഹിതപരിശോധന പാസായാൽ ഈ രീതി മാറി, കുറഞ്ഞ സമയ കാലയളവിൽ ഫെഡറൽ അഡ്മിനിസ്ട്രേഷനാവും തീരുമാനം എടുക്കുക. പഞ്ചായത്തിനും മുനിസിപ്പാലിറ്റികൾക്കും ഇപ്പോഴുള്ള അധികാരം അപേക്ഷ സ്വീകരിച്ചു തുടർ അനുമതിക്ക് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതായി ചുരുങ്ങും.

ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ ആദ്യകാല കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്കാണ് പുതിയ നിയമംകൊണ്ട് നിലവിൽ പ്രയോജനമെങ്കിലും ഭാവിയിൽ ഇത് സ്വിസിൽ കുടിയേറിയിട്ടുള്ള സ്വിസ് സംസ്കാരം ഉൾക്കൊള്ളാതെ നിൽക്കുന്ന മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ളവർ ദുരുപയോഗിക്കുമെന്നാണ് ഹിതപരിശോധനയെ എതിർക്കുന്നവരുടെ വാദം. ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രമാണ് ഇവർ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. സ്വിസിലെ നിയമങ്ങളും സംസ്കാരങ്ങളും ഉൾകൊള്ളുന്ന ആർക്കും നിലവിലുള്ള നിയമങ്ങളിലൂടെ തന്നെ സ്വിസ് പൗരത്വം നേടുന്നതിന് തടസങ്ങളില്ലെന്നും സ്വിസ് പീപ്പിൾസ് പാർട്ടി വാദിക്കുന്നു.

സ്വിസിലെ ഭൂരിപക്ഷം പാർട്ടികൾ പുറമേക്ക് പിന്തുണച്ചിട്ടും പാർലമെന്റിൽ അനുകൂല നിലപാടിന് മുൻതൂക്കം നേടിയിട്ടും അഭിപ്രായ വോട്ടെടുപ്പുകളിൽ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നിൽക്കുന്നത്, ഫെബ്രുവരി 12 വരെ ഹിതപരിശോധനയുടെ ഫലത്തെകുറിച്ചുള്ള സസ്പെൻസ് നിലനിർത്തും.

റിപ്പോർട്ട്: ടിജി മറ്റം