ഇറ്റലിയിൽ ഇന്ത്യൻ കമ്പനി പുതിയ എയർപോർട്ട് നിർമിക്കുന്നു

08:48 PM Jan 10, 2017 | Deepika.com
മെസിന: ഇറ്റലിയിലെ സിസിലിയലുള്ള മെസിന പ്രവിശ്യയിൽ ഇന്ത്യൻ ഓഹരി ഗ്രൂപ്പായ പഞ്ചവക്ര്‌ത സ്വകാര്യ വിമാനത്താവളം നിർമിക്കുന്നു. ഗ്ലോബൽ ഏവിയേഷൻ ന്യൂസാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പദ്ധതി വിജയിച്ചാൽ മെസിന എയർപോർട്ട് സിസിലിയയിലെ എഴാമത്തെ വിമാനത്താവളമായി മാറും.

ഓഹരി ഗ്രൂപ്പിന്റെ ചെയർമാൻ മഹേഷ് പഞ്ചവക്ര്‌ത സിസിലിയയിൽ നേരിട്ടെത്തിയാണ് സ്വകാര്യ എയർപോർട്ട് നിർമിക്കാനുള്ള സാധ്യതകൾ വിലയിരുത്തിയത്. മെസിനായിൽ നിന്നും 35 കിലോമീറ്റർ മിലാസോയ്ക്കും ബാർസലോണ പോസ്ഓ ദി ഗോട്ടോയ്ക്കും ഇടയിലുള്ള പിയാനദെൽ മേളായിലാണ് പുതിയ വിമാനത്താവളത്തിനു സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തെ അധികൃതരും പ്രാദേശിക ബോർഡും നാളുകളായി ഈ മേഖലയിൽ ഒരു വിമാനത്താവളം നിർമിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തിരുന്നു.

കഴിഞ്ഞ വാരം സംഘടിപ്പിച്ച ചർച്ചയിൽ ഇന്ത്യൻ ഗ്രൂപ്പ് പദ്ധതിക്കായി ഏകദേശം 380 കോടി യൂറോ ചെലവ് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഇത്രയും തുക കമ്പനി തന്നെ മുടക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി യാത്രക്കാർക്കും കാർഗോ ആവശ്യങ്ങൾക്കും ഒരേസമയം ഉപയോഗപ്രദമാകുന്ന രീതിയിൽ പൂർണമായും പരിസ്‌ഥിതിക്ക് അനുയോജ്യമായിട്ടാണ് രൂപകൽപന ചെയ്യുന്നത്.

മിലാസോയിലുള്ള സീപോർട്ടും പുതിയ എയർപോർട്ടിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഏഷ്യയിൽ നിന്നുള്ളവർക്കും ഇന്ത്യക്കാരായുള്ളവർക്കും പ്രതേകിച്ചു മലയാളികൾക്കും പുതിയ എയർപോർട്ട് ഏറെ ഗുണം ചെയ്യും. അതേസയം പദ്ധതി ഏഷ്യ യൂറോപ്പ് ഗതാഗതത്തിന്റെ പുതിയ ഹബായി മാറുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

റിപ്പോർട്ട്: ജെജി മാന്നാർ