കോട്ടയം: നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്കു പാഞ്ഞുകയറി മൂന്നുപേർക്കു പരിക്ക്. അഞ്ച് ബൈക്കുകൾ തകർന്നു. യാത്രക്കാരൻ തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്പാത്ത് കച്ചവടക്കാരായ കുമ്മനം മുബാറക് മൻസിലിൽ അൻസാർഷാ (37), അനസ് എന്നിവർക്കാണു പരിക്കേറ്റത്. കാർ ഡ്രൈവർ തിരുവനന്തപുരം പേരൂർക്കട സ്വദേശി രവീഷ് പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു തിരുനക്കര മൈതാനത്തിനു സമീപത്തെ രമണിക ജ്വല്ലറിക്കു മുന്നിലായിരുന്നു അപകടം.