പത്തനംതിട്ട: പ്രളയത്തിന്റെ നൊന്പരങ്ങൾ തുറന്നുകാട്ടി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന കവിതാലാപനം ശ്രദ്ധേയമായി. സർക്കാർ ജീവനക്കാർക്കായി നടത്തിയ കവിതാലാപന മത്സരത്തിലാണ് ജില്ലയെ വിറപ്പിച്ച പ്രളയത്തിന്റെ നൊന്പരങ്ങൾ പങ്കുവയ്ക്കുന്ന കവിതകളുമായി ജീവനക്കാരെത്തിയത്. പ്രളയദിനങ്ങളിലെ മനുഷ്യരുടെ നിസഹായാവസ്ഥയും തുറന്നുകാട്ടിയ കവി രമേശൻ അങ്ങാടിക്കലിന്റെ കവിത ഏവരെയും ആകർഷിച്ചു. ജീവനക്കാരായ ശ്രീകുമാർ, സൂസൻ ജേക്കബ്, സുരേഷ് കുമാർ എന്നിവരും ശ്രദ്ധേയമായ കവിതകൾ അവതരിപ്പിച്ചു.