തിരുവനന്തപുരം: വിദ്യാർഥികളിൽ കായിക വാസന വളർത്തുക എന്ന ലക്ഷ്യവുമായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ആറ്റിങ്ങൽ നഗരസഭ. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്. ആറ്റിങ്ങൽ ടൗൺ യുപിഎസ്, അവനവൻചേരി എൽപിഎസ്, ഡയറ്റ് യുപിഎസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിലും അത്ലറ്റിക്സിലും പദ്ധതി പ്രകാരം പരിശീലനം നൽകും. ഇതിനായി ഒരു സ്കൂളിന് ഒന്നര ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മുൻ ദേശീയ കായിക താരം രാമഭദ്രനാണ് പദ്ധതിയുടെ ചെയർമാൻ. പരിശീലന മികവ് വിലയിരുത്തുന്നതിനായി മൂന്നു മാസത്തിലൊരിക്കൽ സ്കൂളുകൾ തമ്മിൽ മത്സരം നടത്താനും ആലോചിക്കുന്നുണ്ട്.