പാലക്കാട്: എലപ്പുള്ളി കൗശിപ്പാറയിലെ നിർദ്ദിഷ്ട ബിയർ ഫാക്ടറിക്കെതിരായ കോണ്ഗ്രസ് രണ്ടാംഘട്ട സമരം ആരംഭിച്ചു. ഫാക്ടറി ആരംഭിക്കുവാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നൽകുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണം ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. നാളിതുവരെ കുടിവെള്ള പദ്ധതിപോലുമില്ലാത്ത എലപ്പുള്ളിയിൽ ബിയർ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തെ ജനകീയ സമരം കൊണ്ട് നേരിടുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ഈമാസം 13ന് ശനിയാഴ്ച രാവിലെ കൗശിപ്പാറയിൽ നിന്നും സമര പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ഒപ്പു ശേഖര പരിപാടിയിൽ കെ പി സി സി സെക്രട്ടറി സി ചന്ദ്രൻ, ഡി സി സി ജനറൽ സെക്രട്ടറി എസ് കെ അനന്തകൃഷ്ണൻ, ഭാരവാഹികളായ വിജയ് ഹൃദയരാജ്, ഡി രമേശ്, എൻ വേലായുധൻ, എസ് സുനിൽകുമാർ, എം മുരുകാനന്ദൻ, പുണ്യകുമാരി, കെ മൂർത്തി, കെ ജെ സരോജം, എം ഹരിദാസ്, എം മുരളീധരൻ, കെ ശരവണകുമാർ സംസാരിച്ചു.