തിരുവല്ല: ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സംസ്ഥാന ഐടി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവല്ല ഡയറ്റിൽ അദാലത്ത് നടത്തി. ആർഡിഒ റ്റി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ നൽകുന്നതിനാണ് അദാത്ത് സംഘടിപ്പിച്ചത്. പ്രളയത്തിൽ എസ്എസ്എൽസി ബുക്ക് നഷ്ടപ്പെട്ട വിഷ്ണു വിജയ് എന്ന വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് നൽകിയാണ് അദാലത്തിന് തുടക്കം കുറിച്ചത്. തിരുവല്ല തഹസീൽദാർ ശോഭന ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭൂരേഖ തഹസീൽദാർ സാജൻ വി.കുര്യാക്കോസ്, ഡെപ്യൂട്ടി തഹസീൽദാർ എ.ശ്രീകുമാർ, ഐടിമിഷൻ ജില്ലാ പ്രോജക്ട് മാനേജർ കെ.ധനേഷ്, കെ.വി.ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.