ബുവേനോസ് ആരീസ്: പ്രഫഷണൽ ഫുട്ബോളിൽ 800 ഗോൾ ക്ലബ്ബിൽ ഇടംപിടിച്ച് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി.
രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ പാനമയ്ക്കെതിരേ ഉജ്വല ഫ്രീകിക്ക് ഗോൾ നേടിയാണ് ക്ലബ്ബിനും രാജ്യത്തിനുമായി 800 ഗോൾ എന്ന നേട്ടത്തിൽ മെസി എത്തിയത്. രാജ്യത്തിനായി മെസിയുടെ 99-ാം ഗോളായിരുന്നു. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (830) മാത്രമാണു മെസിക്കു മുന്നിലുള്ളത്.
പാനമയ്ക്കെതിരായ മത്സരത്തിൽ അർജന്റീന 2-0നാണ് ജയം സ്വന്തമാക്കിയത്. 89-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോൾ. 78-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോളിലൂടെ അർജന്റീന മുന്നിൽ കടന്നിരുന്നു. മെസിയുടെ ഫ്രീകിക്കിനു ശേഷം ലഭിച്ച പന്തിൽനിന്നായിരുന്നു അൽമാഡയുടെ ഗോൾ.
ലോകകപ്പ് ആഘോഷിച്ചു
ഫിഫ 2022 ഖത്തർ ലോകകപ്പ് ജയത്തിനുശേഷം അർജന്റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരമായിരുന്നു പാനമയ്ക്കെതിരേയുള്ളത്. 80,000 കാണികൾ ലോക ചാന്പ്യന്മാരുടെ മത്സരം കാണാനെത്തി.
ലോകകപ്പ് നേട്ടം ഔദ്യോഗികമായി ടീം ആഘോഷിച്ചതും ശ്രദ്ധേയമായി. ലോകകപ്പ് ടീം അംഗങ്ങൾക്കെല്ലാം ലോകകപ്പ് ട്രോഫിയുടെ മാതൃക സമ്മാനിച്ചും ടീം ഒന്നടങ്കം നൃത്തമാടിയുമായിരുന്നു നിറഞ്ഞ ഗാലറിക്കു മുന്നിലെ ആഘോഷം. 36 വർഷത്തിനുശേഷമാണ് അർജന്റീന ലോകജേതാക്കളാകുന്നത്.
800 ഗോൾ ക്ലബ്ബിൽ ഇടംപിടിച്ച് ലയണൽ മെസി
12:01 AM Mar 25, 2023 | Deepika.com