മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ചിത്രം ഇന്നറിയാം. ലീഗ് റൗണ്ടിൽ രണ്ടും മൂന്നും സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും യുപി വാരിയേഴ്സും തമ്മിൽ നടക്കുന്ന എലിമിനേറ്ററിൽ ജയിക്കുന്ന ടീം ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും.
രാത്രി 7.30നാണു മത്സരം ആരംഭിക്കുക. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഡൽഹി ക്യാപ്പിറ്റൽസ് നേരിട്ടു ഫൈനലിലേക്കു മുന്നേറിയിരുന്നു. ഞായറാഴ്ചയാണു ഫൈനൽ. ലീഗ് ജേതാക്കൾ നേരിട്ടു ഫൈനലിലേക്കും രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്റർ ജേതാക്കൾ രണ്ടാം ഫൈനലിസ്റ്റാകുന്നതുമാണു വനിതാ പ്രീമിയർ ലീഗിന്റെ രീതി.
ലീഗ് റൗണ്ടിൽ മുംബൈയും യുപിയും നേർക്കുനേർ വന്നതിൽ ഇരുടീമും ഓരോ ജയം നേടി. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ മത്സരത്തിലായിരുന്നു യുപി, മുംബൈയെ തോൽപ്പിച്ചത്. ഇന്നത്തെ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടവും ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ്.
മുംബൈ x യുപി
ലീഗ് റൗണ്ടിൽ ആറ് ജയവും രണ്ട് തോൽവിയും ഉൾപ്പെടെ 12 പോയിന്റാണു ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് നേടിയത്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസിനും 12 പോയിന്റാണെങ്കിലും റണ്‍റേറ്റിൽ മുൻതൂക്കമുണ്ടായിരുന്നു. ആദ്യ അഞ്ചു മത്സരത്തിലും ജയിച്ച മുംബൈ, തുടർന്നുള്ള രണ്ടു കളികളിൽ പരാജയപ്പെട്ടു. അതിൽ ഒരു തോൽവി യുപി വാരിയേഴ്സിന് എതിരേയായിരുന്നു. മുംബൈ ഇന്ത്യൻസിനെ 127നു പുറത്താക്കിയ യുപി വാരിയേഴ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
നാലു ജയവും നാലു തോൽവിയുമായി എട്ടു പോയിന്റോടെയാണു യുപി വാരിയേഴ്സ് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ഡൽഹി ക്യാപ്പിറ്റൽസിനോടു രണ്ടു തവണയും മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകൾക്കെതിരേ ഓരോ തോൽവിയുമാണു യുപി വാരിയേഴ്സിന് ലീഗ് റൗണ്ടിൽ ഉണ്ടായത്.
ഫോം ഇതുവരെ
യുപി വാരിയേഴ്സിന്റെ തഹ്ലിയ മഗ്രാത്താണ് (295 റണ്‍സ്) ഡബ്ല്യുപിഎല്ലിലെ റണ്‍വേട്ടയിൽ ഡൽഹിയുടെ മെഗ് ലാന്നിംഗിനു (310) പിന്നിൽ രണ്ടാം സ്ഥാനത്ത്. ക്യാപ്റ്റൻ അലിസ ഹീലി (242) അഞ്ചാം സ്ഥാനത്തുമുണ്ട്. ഗ്രെയ്സ് ഹാരിസാണ് (216) യുപിയുടെ മറ്റൊരു റണ്‍ നേട്ടക്കാരി. ഹെയ്ലി മാത്യൂസ് (232), ഹർമൻപ്രീത് കൗർ (230), നതാലിയ ഷീവർ (200) എന്നിവരാണു മുംബൈയുടെ ടോപ് സ്കോറർമാർ.
വിക്കറ്റ് വേട്ടയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരിയാണു യുപി വാരിയേഴ്സിന്റെ സോഫി എക്ലെസ്റ്റോണ്‍, 14 വിക്കറ്റ്. തുടർന്നുള്ള മൂന്നു സ്ഥാനങ്ങളിൽ മുംബൈയുടെ അമേലിയ കേർ (13), സെയ്ക ഇഷാഖ് (13), ഹെയ്ലി മാത്യൂസ് (12) എന്നിവരാണെന്നതും ശ്രദ്ധേയം.
പ്രഥമ വനിതാ പ്രീമിയർ ട്വന്റി-20 ഫൈനൽ ഞായറാഴ്ച, ഇന്ന് എലിമിനേറ്റർ പോരാട്ടം
01:07 AM Mar 24, 2023 | Deepika.com