ബംഗളൂരു: 2023 സീസണ് പ്രൈം വോളിബോൾ ചാന്പ്യൻഷിപ്പിൽ നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത തണ്ടർബോൾട്ടിന് തുടർച്ചയായ രണ്ടാം ജയം. ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിനെയാണ് കോൽക്കത്ത ഏകപക്ഷീയമായി കീഴടക്കിയത്.
മത്സരത്തിലെ ആദ്യ നാല് സെറ്റും സ്വന്തമാക്കി കോൽക്കത്ത ജയം ഉറപ്പിച്ചശേഷമാണ് ഹൈദരാബാദിന് തിരിച്ചടിക്കാൻപോലും സാധിച്ചത്. 15-13, 15-7, 15-9, 15-12 എന്നിങ്ങനെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു കോൽക്കത്ത തണ്ടർബോൾട്ട്സ് ആദ്യനാല് സെറ്റ് സ്വന്തമാക്കിയത്. അഞ്ചാം സെറ്റിൽ ഹൈദരാബാദിന്റെ മുന്നേറ്റമായിരുന്നു. 15-8ന് സെറ്റ് സ്വന്തമാക്കിയ ഹൈദരാബാദ് തോൽവിഭാരം കുറച്ചു.
സീസണിന്റെ ഉദ്ഘാടനപോരാട്ടത്തിൽ ആതിഥേയരായ ബംഗളൂരു ടോർപിഡോസിനെ 2-3ന് കോൽക്കത്ത കീഴടക്കിയിരുന്നു. രണ്ടു മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി കോൽക്കത്ത തണ്ടർബോൾട്ട്സ് ലീഗിൽ തലപ്പത്തെത്തി. ഹൈദരാബാദിന് രണ്ട് മത്സരങ്ങളിൽ ഒരു ജയത്തിലൂടെ രണ്ട് പോയിന്റുണ്ട്.
ഇന്നു നടക്കുന്ന മത്സരത്തിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സും ബംഗളൂരു ടോർപിഡോസും ഏറ്റുമുട്ടും. ഇരുടീമും ആദ്യമത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
പ്രൈം വോളിബോളിൽ കോൽക്കത്ത തണ്ടർബോൾട്ട്സിന് രണ്ടാം ജയം
11:43 PM Feb 08, 2023 | Deepika.com