നാഗ്പുർ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയതും പാരന്പര്യമുള്ളതുമായ പോരാട്ടമാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരന്പര. എന്നാൽ, ആഷസ് പരന്പരയ്ക്കു മുകളിലാണ് ഇന്ത്യൻ പര്യടനം എന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ സ്റ്റാർക്ക് പറയുന്നു.
ആഷസിനു മുകളിലാണ് ഇന്ത്യൻ പര്യടനം എന്ന സൂചനയുള്ള പോസ്റ്റ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വിറ്ററിലും എത്തി എന്നതും ശ്രദ്ധേയം.‘ഏതാണു കൂടുതൽ കഠിനം: ഇന്ത്യൻ പര്യടനമോ എവേ ആഷസ് പരന്പരയോ? ഓസീസ് ടെസ്റ്റ് താരങ്ങൾ പറയുക, ഇന്ത്യൻ പര്യടനം എന്നായിരിക്കും’ ഇതായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റ്.
അതെ, സത്യം...
ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും ക്യാപ്റ്റനും പറയുന്നതു സത്യം തന്നെ. ഇന്ത്യയിൽ പര്യടനം നടത്തുക എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഇംഗ്ലണ്ടിൽ ആഷസ് കളിക്കുന്നതിലും കഠിനമാണ്. ഇന്ത്യയിൽ ഒരു ജയത്തിനായി ഓസ്ട്രേലിയ കൊതിക്കുന്നു. 2004നു ശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരന്പര ജയിക്കാൻ ഓസ്ട്രേലിയയ്ക്കു സാധിച്ചിട്ടില്ല. 2004ൽ 2-1ന് ഓസ്ട്രേലിയ നാലു മത്സരപരന്പര സ്വന്തമാക്കിയിരുന്നു.
അതിനുശേഷം ഇന്ത്യയിൽ 2012 ഇംഗ്ലണ്ട് മാത്രമേ പരന്പര ജയിച്ചിട്ടുള്ളൂ. 2004നുശേഷം ഓസ്ട്രേലിയ 14 ടെസ്റ്റ് ഇന്ത്യൻ മണ്ണിൽ കളിച്ചു. അതിൽ ജയിക്കാൻ സാധിച്ചത് വെറും ഒരെണ്ണത്തിൽ മാത്രം. 2014-15നുശേഷം ഓസ്ട്രേലിയയ്ക്ക് സ്വന്തം നാട്ടിൽവച്ചു പോലും ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചില്ല എന്നതും ശ്രദ്ധേയം. 2018-19, 2020-21 ഹോം സീരീസിൽ ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ തോറ്റിരുന്നു. ഇന്ത്യക്കെതിരേ അവസാനം കളിച്ച മൂന്നു പരന്പരയിലും ഓസ്ട്രേലിയ തോറ്റ ചരിത്രമാണുള്ളത്.
പരന്പര, പിച്ച്
നാളെ ആരംഭിക്കുന്ന പരന്പരയ്ക്കു മുന്നോടിയായി ഓസ്ട്രേലിയ നാഗ്പുർ പിച്ചിന്റെ ആദ്യചിത്രം പുറത്തുവിട്ടു. പച്ചപ്പ് ഒട്ടുമില്ലാത്ത, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിന്റെ ചിത്രമാണ് ഓസ്ട്രേലിയ പുറത്തുവിട്ടത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പിച്ച് പരിശോധിക്കുന്ന ചിത്രവും സിഎ പങ്കുവച്ചു. നാളെ നാഗ്പുരിലാണ് നാല് മത്സരപരന്പരയിലെ ആദ്യടെസ്റ്റ്. അഞ്ച് ദിനവും മത്സരം നീളുന്ന തരത്തിലുള്ള പിച്ച് നിർമിക്കണമെന്ന് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ആരൊക്കെ കളിക്കും എന്ന് നിശ്ചയിക്കുന്ന പരന്പരയുമാണിത്. പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമാണ് ഫൈനലിൽ ഏറ്റുമുട്ടുക. നിലവിൽ ഓസ്ട്രേലിയയും ഇന്ത്യയുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നാളെ മുതൽ
12:30 AM Feb 08, 2023 | Deepika.com