തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സിലിനു സാന്പത്തികപ്രശ്നങ്ങൾ ഉണ്ടെന്നു പുതുതായി ചുമതലയേറ്റ പ്രസിഡന്റ് യു. ഷറഫലി.
സ്കൂൾ, കോളജ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഉൾപ്പെടെ നൽകാനുള്ള ഭക്ഷണ അലവൻസ് ഉൾപ്പെടെയുള്ള തുകയുടെ കാര്യത്തിൽ സർക്കാരുമായി ചർച്ച ചെയ്തു തീരുമാനമുണ്ടാക്കാം.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാരിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്. സംഘടനകൾ വഴിയുള്ള സർട്ടിഫിക്കറ്റ് വിതരണം അവസാനിപ്പിക്കും.
ഇക്കാര്യത്തിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഷറഫലി പറഞ്ഞു. സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷയായിരുന്ന മേഴ്സിക്കുട്ടൻ കൗണ്‍സിലിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് രാജിവച്ചിരുന്നു. തുടർന്നാണ് ഷറഫലിയെ പ്രസിഡന്റായി സർക്കാർ നാമനിർദ്ദേശം ചെയ്തത്.
കായികമേഖലയിലെ സംഘടനകളുടെ ഐക്യത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നു ഷറഫലി അഭിപ്രായപ്പെട്ടു. ഇന്ത്യൻ മുൻ ഫുട്ബോൾ താരമായിരുന്ന ഷറഫലി ഇന്നലെ രാവിലെയാണു സ്പോർട്സ് കൗണ്‍സിൽ ആസ്ഥാനത്തെത്തി ചുമതലയേറ്റത്.
സ്പോർട്സ് കൗണ്‍സിലിൽ സാന്പത്തിക പ്രതിസന്ധി: ഷറഫലി
12:30 AM Feb 08, 2023 | Deepika.com