ബംഗളൂരു: പ്രൈം വോളിബോൾ 2023 സീസണിൽ കേരളത്തിന്റെ പ്രതിനിധികളായ കാലിക്കട്ട് ഹീറോസിനു വിജയത്തുടക്കം. കഴിഞ്ഞ സീസണിലെ നാലാം സ്ഥാനക്കാരായ കാലിക്കട്ട് 4-1ന് മുംബൈ മെറ്റിയോസിനെ തോൽപ്പിച്ചു. 2023 സീസണിലൂടെ പ്രൈം വോളിബോളിൽ അരങ്ങേറ്റം നടത്തിയ മുംബൈ മെറ്റിയോസ് ആദ്യ സെറ്റ് നേടിയശേഷമാണു കാലിക്കട്ടിനു മുന്നിൽ കീഴടങ്ങിയത്. സ്കോർ: 10-15, 15-9, 15-8, 15-14, 15-11.
അരങ്ങേറ്റം ഗംഭീരമാക്കാനുള്ള മുംബെ മെറ്റിയോസിന്റെ ശ്രമം ആദ്യ സെറ്റിൽ വിജയിച്ചു. കാലിക്കട്ട് ഹീറോസിനെ അനങ്ങാൻവിടാതെ മുംബൈ 15-10ന് സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ കാലിക്കട്ടിന്റെ മിന്നും പ്രകടനത്തിനു മുന്നിൽ മുംബൈക്ക് ഉത്തരമില്ലാതായി. 15-9ന് ഏകപക്ഷീയമായി കാലിക്കട്ട് സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്കു തിരിച്ചെത്തി. മൂന്നാം സെറ്റ് രണ്ടാം സെറ്റിന്റെ തനിയാവർത്തനമായിരുന്നു. എന്നാൽ, നിർണായകമായ നാലാം സെറ്റിൽ മുംബൈ മെറ്റിയോസ് ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും 15-14ന് കാലിക്കട്ട് വെന്നിക്കൊടിപാറിച്ചു. അഞ്ചാം സെറ്റിലും മുംബൈക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 15-11നായിരുന്നു അഞ്ചാം സെറ്റ് കാലിക്കട്ട് സ്വന്തമാക്കിയത്.
കാലിക്കട്ടിനായി സാൻജൊവാൾ ഹൊസെ അന്റോണിയോ 18ഉം ജെറോം വിനീത് 10ഉം മഹേഷ് രാജ് ഒന്‍പതും പോയിന്റ് വീതം സ്കോർ ചെയ്തു. ക്യൂബൻ താരമായ ഹൊസെ അന്റോണിയൊയുടെ 12 പോയിന്റും അറ്റാക്കിലൂടെയും ആറു പോയിന്റ് ബ്ലോക്കിലൂടെയുമായിരുന്നു.
കലക്കൻ ഹീറോസ് ; പ്രൈം വോളിബോളിൽ കാലിക്കട്ട് ഹീറോസിനു ജയം
12:13 AM Feb 06, 2023 | Deepika.com