പാരീസ്: യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ 2017-18 സീസണിനുശേഷം ബോക്സിനു പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി വിഹരിച്ച് അർജന്റീനയുടെ ലയണൽ മെസി. ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജിക്കു വേണ്ടി ടുളോസിനെതിരേ 58-ാം മിനിറ്റിൽ മെസി ഗോൾ നേടിയത് ഡി സർക്കിളിനും പുറത്തുനിന്ന്. മെസിയുടെ മിന്നും ഗോളിന്റെ ബലത്തിൽ പിഎസ്ജി 2-1നു ജയം സ്വന്തമാക്കുകയും ചെയ്തു.
ടുളോസ് 20-ാം മിനിറ്റിൽ വാൻ ഡെൻ ബൂമനിലൂടെ ലീഡ് നേടി. 38-ാം മിനിറ്റിൽ അക്രാഫ് ഹക്കിമി പിഎസ്ജിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയിൽ നിന്നീട് ഗോൾ പിറന്നില്ല. തുടർന്ന് 58-ാം മിനിറ്റിലായിരുന്നു മെസിയുടെ മിന്നും ഫിനിഷിംഗ്. ബോക്സിനു പുറത്തുനിന്ന് മെസി തൊടുത്ത ഷോട്ട് ടുളോസിന്റെ വലയിൽ. ഈ സീസണിൽ പിഎസ്ജിക്കായി മെസി ഇതോടെ 10 ഗോളും 10 അസിസ്റ്റും തികച്ചു. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ 13-ാം തവണയാണ് മെസി 10+10 നേട്ടം കൈവരിക്കുന്നത്.
പെനൽറ്റി ബോക്സിനു പുറത്തുനിന്ന് 2017-18 സീസണിനുശേഷം മെസി നേടുന്ന 39-ാം ഗോളായിരുന്നു ടുളോസിനെതിരായത്. ഇക്കാലയളവിൽ 19 ഗോൾ നേടിയ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയിൻ ആണ് മെസിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത്.
ഫ്രഞ്ച് ലീഗ് വണ്ണിൽ 22 മത്സരങ്ങൾ പൂർത്തിയാക്കിയ പിഎസ്ജി 54 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഔട്ട് ഓഫ് ബോക്സ് മെസി!
12:13 AM Feb 06, 2023 | Deepika.com