ബംഗളൂരു: പ്രൈം വോളിബോളിന്റെ രണ്ടാം പതിപ്പിന് ഇടിവെട്ട് തുടക്കം. നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത തണ്ർബോൾട്ടിന്റെ മിന്നും പ്രകടനത്തിൽ ആതിഥേയരായ ബംഗളൂരു ടോർപിഡോസിനു പൊള്ളലേറ്റു.
മത്സരത്തിലെ ആദ്യ മൂന്ന് സെറ്റും സ്വന്തമാക്കിയ തണ്ടർബോൾട്ട്സ് 3-2നാണ് ജയമാഘോഷിച്ചത്. സ്കോർ: 15-11, 15-11, 15-14, 10-15, 14-15. അതോടെ സീസണിലെ ആദ്യജയം കോൽക്കത്ത തണ്ടർബോൾട്ട് സ്വന്തമാക്കി.
തകർപ്പൻ സ്പൈക്കും പ്ലേസിംഗും ബ്ലോക്കുമായി തണ്ടർബോൾട്ട് ചാന്പ്യനൊത്ത പ്രകടനവുമായി കോർട്ടിൽ നിറഞ്ഞപ്പോൾ ആദ്യസെറ്റ് 15-11ന് ബംഗളൂരു കൈവിട്ടു. രണ്ടാം സെറ്റിലും ഒന്നിന്റെ ആവർത്തനമായിരുന്നു. എന്നാൽ, മൂന്നാം സെറ്റിൽ ബംഗളൂരു ടോർപിഡോയ് ശരിക്കും പൊരുതി.
15-14നാണ് ആതിഥേയർ സെറ്റ് കൈവിട്ടത്. മൂന്നാം സെറ്റിലെ പ്രകടനം നാലാം സെറ്റിലും ബംഗളൂരു ആവർത്തിച്ചു. അതോടെ മത്സരത്തിൽ ഒരു സെറ്റ് അവർ 15-10ന് സ്വന്തമാക്കി. അഞ്ചാം സെറ്റിൽ ഇരുടീമും തീപ്പൊരി പോരാട്ടമായിരുന്നു. 13-13, 14-14 എന്നിങ്ങനെ തുല്യത പാലിച്ച് മുന്നേറിയശേഷം ബംഗളൂരു 15-14ന് സെറ്റ് സ്വന്തമാക്കി തോൽവിയുടെ ആഘാതം കുറച്ചു.
കളത്തിൽ കാലിക്കട്ട്, എതിരാളി മുംബൈ
പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാംദിനമായ ഇന്ന് കേരളത്തിന്റെ പ്രതിനിധികളായ കാലിക്കട്ട് ഹീറോസ് കളത്തിൽ. പ്രൈം വോളിയിലെ കന്നിക്കാരായ മുംബൈ മെറ്റിയോസ് ആണ് കാലിക്കട്ട് ഹീറോസിന്റെ എതിരാളികൾ. രാത്രി ഏഴിന് ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ നാലാം സ്ഥാനക്കാരാണ് കാലിക്കട്ട് ഹീറോസ്. അമേരിക്കൻ വെറ്ററനായ മാറ്റ് ഹില്ലിംഗാണ് കാലിക്കട്ടിന്റെ നായകൻ. ക്യൂബയിൽനിന്നുള്ള ജോസ് സാൻഡോവലാണ് മറ്റൊരു വിദേശ കളിക്കാരൻ. ഇന്ത്യൻ മുൻ താരവും മലയാളിയുമായ ഇ.കെ. കിഷോർ കുമാറാണ് കാലിക്കട്ടിന്റെ മുഖ്യപരിശീലകൻ.
ഇന്ത്യൻ മുൻ പരിശീലകനും മലയാളിയുമായ സണ്ണി ജോസഫിന്റെ ശിക്ഷണത്തിലാണ് മുംബൈ മെറ്റിയോസ് എത്തുന്നത്. എ. കാർത്തികാണ് ടീമിന്റെ നായകൻ. അമേരിക്കയുടെ ബ്രൻഡൻ ഗ്രീൻവെ, ക്യൂബയുടെ ഹിരോഷി സെന്റെല്ലസ് എന്നിവരാണ് മുംബൈയുടെ വിദേശ താരങ്ങൾ.
പ്രൈം വോളിബോൾ 2023: കോൽക്കത്ത തണ്ടർബോൾട്ടിനു ജയം
01:00 AM Feb 05, 2023 | Deepika.com