തകർപ്പൻ സ്മാഷുകളുടെ ലോകപോരാട്ടത്തിന് ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയാകും. വോളിബോളിന്റെ ആവേശനാടായ കേരളത്തിനും ആതിഥേയത്വമരുളാനുള്ള സാഹചര്യം ഇതോടെ സംജാതമായി. 2023, 2024 ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് ഇന്ത്യയിൽ നടക്കുമെന്ന് വോളിബോൾ വേൾഡും എഫ്ഐവിബിയും (ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ) പ്രഖ്യാപിച്ചു.
ഇതോടെ ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങിയ ലോകത്തിലെ വോളിബോൾ ശക്തി രാജ്യങ്ങളിൽനിന്നുള്ള ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ആവേശപ്പോരാട്ടത്തിനാണ് ഇന്ത്യ വേദിയാകുക. റുപേ പ്രൈം വോളിബോൾ ലീഗുമായുള്ള പങ്കാളിത്തത്തോടെയാണ് ലോക ക്ലബ് ചാന്പ്യൻഷിപ്പ് ഇന്ത്യയിലെത്തുന്നത്. പ്രൈം വോളിബോൾ ലീഗിന്റെ സ്ഥാപക പങ്കാളികൾ കൂടിയായ ബേസ്ലൈൻ വെഞ്ചേഴ്സാണ് ഇതിനു പിന്നിൽ.
പോരാട്ടം ഡിസംബറിൽ
ഈ വർഷം ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ലോക ക്ലബ് ചാന്പ്യൻഷിപ്പ്. ആതിഥേയ നഗരങ്ങൾ ഏതൊക്കെയെന്ന് പിന്നീട് പ്രഖ്യാപിക്കും. പ്രൈം വോളിബോളിലൂടെ ഇന്ത്യയിൽ വോളിബോളിനു ലഭിച്ച വൻ സ്വീകാര്യതയാണ് ലോക ക്ലബ് പോരാട്ടം ഇവിടേക്ക് എത്തിച്ചത്. പ്രൈം വോളിയുടെ ആദ്യപതിപ്പ് 13.3 കോടി ആളുകൾ ടെലിവിഷനിൽ കണ്ടതായാണ് കണക്ക്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായാണ് ക്ലബ് ലോക ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്.
പുരുഷ വോളിബോൾ ലോക ചാന്പ്യൻഷിപ് ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് എഫ്ഐവിബി പ്രസിഡന്റ് ഡോ. ആരി എസ്. ഗ്രാസ്യ പറഞ്ഞു.
കൊച്ചി, കോഴിക്കോട് ലോക വേദിയിൽ?
ലോക ക്ലബ് ചാന്പ്യൻഷിപ്പിൽ കളിക്കാൻ കേരളത്തിന്റെ സ്വന്തം ക്ലബ്ബുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനും കാലിക്കട്ട് ഹീറോസിനും അവസരമുണ്ടെന്നതും ഏറെ ശ്രദ്ധേയം. ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ ക്ലബ് ചാന്പ്യന്മാർക്ക് ലോക ചാന്പ്യൻഷിപ്പിനു നേരിട്ടു യോഗ്യത ലഭിക്കും. 2023 പ്രൈം വോളിബോൾ ചാന്പ്യന്മാരായാൽ കൊച്ചിക്കും കോഴിക്കോടിനും ലോക ക്ലബ് ഭൂപടത്തിൽ ഇടംപിടിക്കാം.
കൊച്ചി, കോഴിക്കോട് ടീമുകൾക്കൊപ്പം അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, ബംഗളൂരു ടോർപിഡോസ്, ചെന്നൈ ബ്ലിറ്റ്സ്, ഹൈദരാബാദ് ബ്ലാക് ഹോക്ക്സ്, കോൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മെട്രോസ് എന്നീ ടീമുകളും പ്രൈം വോളിബോളിൽ മാറ്റുരയ്ക്കും. കോൽക്കത്തയാണ് നിലവിലെ ചാന്പ്യന്മാർ.
പ്രൈം വോളിബോൾ ലീഗിലെ എല്ലാ ടീമുകൾക്കും മികച്ച പ്രകടനം നടത്താനുള്ള പ്രോത്സാഹനമാണ് ക്ലബ് ലോക ചാന്പ്യൻഷിപ്പിന്റെ ഇന്ത്യയിലേക്കുള്ള വരവ് നൽകുന്നതെന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമയും പ്രൈം വോളി ലീഗ് ബോർഡ് ചെയർമാനുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.
4-ാം നാൾ പ്രൈം വോളി
ഇന്നേക്ക് നാലാംനാൾ പ്രൈം വോളിബോൾ രണ്ടാം സീസണിന് തുടക്കം കുറിക്കും. മാർച്ച് അഞ്ചിന് കൊച്ചിയിലാണ് ഫൈനൽ. ഈ മാസം നാലിന് ബംഗളൂരുവിലാണ് സീസണിലെ ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. 12-ാം തീയതിവരെ ബംഗളൂരുവിൽ മത്സരങ്ങൾ അരങ്ങേറും.
തുടർന്ന് 15 മുതൽ 21 വരെ ഹൈദരാബാദിലാണ് പോരാട്ടം. സീസണിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം കൊച്ചിയിലാണ്. ഈ മാസം 24നാണ് കൊച്ചിയിലെ ആദ്യമത്സരം. സെമിയും ഫൈനലും അടക്കം 11 മത്സരങ്ങൾക്ക് കൊച്ചി വേദിയാകും.
സോണി സ്പോർട്സ് ആണ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുക. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് വോളിബോൾ വേൾഡ് ടിവിയിൽ തത്സമയം സംപ്രേക്ഷണം നടത്തും.
2023, 2024 ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് ഇന്ത്യയിൽ
12:44 AM Feb 01, 2023 | Deepika.com