പയ്യന്നൂർ: മുൻ ഇന്റർനാഷണൽ ഫുട്ബോളറും ഇന്ത്യൻ താരവും എസ്ബിഐ പയ്യന്നൂർ ബ്രാഞ്ച് റിട്ട. മാനേജരുമായിരുന്ന പയ്യന്നൂർ സജിൻ വില്ലയിൽമംഗല അബ്ദുൾ സലാം (72) അന്തരിച്ചു.
അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വളപട്ടണം സ്വദേശിയാണ്. കബറടക്കം വളപട്ടണം മന്ന കബർസ്ഥാനിൽ നടത്തി.
കണ്ണൂർ സ്പിരിറ്റഡ് യൂത്ത് ക്ലബിലൂടെ കളിച്ചുവളർന്ന അബ്ദുൾ സലാം കേരള ജൂണിയർ ഫുട്ബോളിനുവേണ്ടി 1963ൽ അജ്മീരിലും 63ൽ ഒഡീഷയിലും നടന്ന ടൂർണമെന്റിൽ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. പിന്നീട് കേരള ടീമിനുവേണ്ടിയും ജഴ്സിയണിഞ്ഞു. 1966ൽ മനിലയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങി.
ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ കോൽക്കത്ത മുഹമ്മദൻസ്, എസ്ബിഐ മദ്രാസ് സർക്കിൾ എന്നിവയുടെയും കളിക്കാരനായിരുന്നു. 1967ൽ ഹൈദരാബാദിൽ നടന്ന ദേശീയ ടൂർണമെന്റിൽ ബംഗാൾ ടീമംഗമായും കളത്തിലിറങ്ങിയിട്ടുണ്ട്. ഭാര്യ: സൈബുന്നിസ. മക്കൾ: സജിന, സാജിദ് (കുവൈറ്റ്), ഷഹന. മരുമക്കൾ: അലി (എടക്കാട്), റിയാസ് അലി (എറണാകുളം), ബുഷറ. സഹോദരി: ഫാത്തിമ.
മുൻ ഇന്ത്യൻ ഫുട്ബോളർ അബ്ദുൾ സലാം അന്തരിച്ചു
11:27 PM Dec 08, 2022 | Deepika.com