തിരുവനന്തപുരം: ട്രാക്കിനങ്ങളിൽ സ്വർണക്കൊയ്ത്ത് നടത്തി അനന്തപുരിയിൽ പാലക്കാടൻകുട്ടികൾ കിരീടമുയർത്തി. 64-ാം സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ 269 പോയിന്റുമായാണു നിലവിലെ ചാന്പ്യന്മാരായ പാലക്കാട് അനന്തപത്ഭനാഭന്റെ മണ്ണിൽ വെന്നിക്കൊടി പാറിച്ചത്.
32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമാണു നാലു ദിവസമായി പാലക്കാടൻ കുട്ടികൾ വാരിക്കൂട്ടിയത്. കല്ലടി എച്ച്എസ് കുമരംപുത്തൂരും പറളി എച്ച്എസും മുണ്ടൂർ സ്കൂളും പാലക്കാടിനുവേണ്ടി ഒരുമയോടെ പോരാടിയപ്പോൾ തൊട്ടടുത്ത എതിരാളികളേക്കാൾ ഇരട്ടിയോളം പോയിന്റുമായാണു പാലക്കാട് കുതിച്ചുകയറിയത്.
സ്കൂൾ മീറ്റിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പ്രകടനവുമായി മലപ്പുറം റണ്ണേഴ്സ് അപ്പായി. 13 സ്വർണവും 17 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 149 പോയിന്റുമായാണ് മലപ്പുറത്തിന്റെ ശക്തമായ മുന്നേറ്റം. എട്ടു സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 122 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായിരുന്ന എറണാകുളം ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ വന്പന്മാരായ സ്കൂളുകളെ ഏറെ പിന്നിലാക്കി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് ഓവറോൾ ചാന്പ്യൻമാരായി. ഏഴു സ്വർണം, ഒൻപത് വെള്ളി, നാലു വെങ്കലം ഉൾപ്പെടെ 66 പോയിന്റുമായാണ് ഐഡിയൽ ഒന്നാമതെത്തിയത്.
പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂർ ഏഴു സ്വർണവും ആറു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 54 പോയിന്റുമായി രണ്ടാമതും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് മൂന്നു സ്വർണവും ആറു വെള്ളിയും ഒൻപത് വെങ്കലുമായി 42 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി. കഴിഞ്ഞ സ്കൂൾ മീറ്റിലെ ചാന്പ്യനായിരുന്ന കോതമംഗലം മാർ ബേസിലിന് ഇത്തവണ 32 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
ട്രാക്കിനങ്ങളിൽ റിക്കാർഡുകൾ ഒന്നും പിറക്കാത്ത 64-ാം സംസ്ഥാന സ്കൂൾ മീറ്റിൽ പിറന്ന ആറു റിക്കാർഡുകളിൽ അഞ്ചും ഫീൽഡ് ഇനങ്ങളിലും ഒരെണ്ണം ജംപിംഗ് പിറ്റിൽ നിന്നുമായിരുന്നു. ജൂണിയർ ആണ്‍കുട്ടികളിൽ ജെ.ബിജോയ്, സബ് ജൂനിയർ പെണ്‍കുട്ടികളിൽ നിവേദ്യ കലാധർ, സീനിയർ പെണ്‍കുട്ടികളിൽ ഇ.എസ്. ശിവപ്രിയ എന്നിവർ ട്രിപ്പിൾ സ്വർണത്തിന് അവകാശികളായി.
വന്പന്മാരെ തകർത്ത് ഐഡിയൽ ചാന്പ്യൻ സ്കൂൾ
തിരുവനന്തപുരം: സ്കൂൾ കായികരംഗത്തെ വന്പൻമാരെ ഏറെ പിന്നിലാക്കി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിന്റെ മിന്നും കുതിപ്പ്. 64-ാം സംസ്ഥാന സ്കൂൾ മീറ്റിൽ ചാന്പ്യൻ സ്കൂളായ ഐഡിയൽ നേടിയത് ഏഴു സ്വർണവും ഒൻപതു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 66 പോയിന്റ്. കഴിഞ്ഞ സ്കൂൾ മീറ്റിലെ ശക്തന്മാരായിരുന്നു കോതമംഗലം മാർ ബേസിലിനെയും കല്ലടി എച്ച്എസ് കുമരംപുത്തൂരിനെയുമെല്ലാം പിന്തള്ളിയാണ് ഐഡിയലിന്റെ മുന്നേറ്റം.
ആദ്യദിനത്തിൽ രണ്ടു വെള്ളിയും ഒരു വെങ്കലവും മാത്രം നേടിയ ഐഡിയൽ രണ്ടാം ദിനമായതോടെ തങ്ങളുടെ മെഡൽനേട്ടം അഞ്ചു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും എന്ന നിലയിൽ എത്തിച്ചു. മൂന്നാം ദിനം രണ്ടു സ്വർണവും രണ്ടു വെള്ളിയും നേടി. ഇന്നലെ നാലു വെള്ളികൂടി സ്വന്തമാക്കിയതോടെ ചാന്പ്യൻ സ്കൂൾ എന്ന പദവിയിലേക്കും കയറി.
പാലക്കാട് കെഎച്ച്എസ് കുമരംപുത്തൂരാണു വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ്. ഏഴു സ്വർണവും ആറു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 54 പോയിന്റോടെയാണു കുമരംപുത്തൂർ രണ്ടാം സ്ഥാനത്തെത്തിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് മൂന്നു സ്വർണം, ആറു വെള്ളി, ഒൻപതു വെള്ളിയുമായി 42 പോയിന്റോടെ മൂന്നാമതുണ്ട്.
ഒരു പോയിന്റ് വ്യത്യാസത്തിൽ പാലക്കാട് പറളി എച്ച്എസ് 41 പോയിന്റോടെ നാലാമതാണ്.
കോതമംഗലം മാർബേസിൽ എച്ച്എസ്എസ് നാലു സ്വർണം, മൂന്നു വീതം വെള്ളിയും വെങ്കലവുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു സ്വർണവുമായി നാട്ടിക ഫിഷറീസ് സ്കൂളാണ് ആറാമതുള്ളത്.
ഇരട്ടസ്വർണവുമായി ആൻ ട്രീസ;വെള്ളിനേട്ടത്തിൽ മെൽബ
ഭരണങ്ങാനം സെന്റ് മേരീസിലെ ആൻ ട്രീസ മാത്യു സംസ്ഥാന സ്കൂൾ മീറ്റിൽ ഇരട്ട സ്വർണത്തിന് അവകാശിയായപ്പോൾ ഇതേ സ്കൂളിലെ മെൽബാ മേരി സാബു വെള്ളി നേട്ടവുമായി സ്കൂളിന്റെ കായിക മികവിനു മാറ്റുകൂട്ടി . സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ ജൂണിയർ പെണ്‍കുട്ടികളുടെ 100, 400 മീറ്റർ ഹർഡിൽസുകളിലാണ് ആൻ ട്രീസാ സ്വർണം നേടിയത്. സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ ഈ മിടുക്കി മിന്നും പ്രകടനം നടത്തിയാണ് ഇരട്ട സ്വർണത്തിന് അർഹയായത്. ഏഴാം ക്ലാസ് മുതൽ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്പോർട്സ് അക്കാദമിയിലെ അംഗമാണ്. ആൻ ട്രീസ ദേശീയ യൂത്ത് മീറ്റിലും ദേശീയ ജൂണിയർ മീറ്റിലും 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയിരുന്നു.
ജൂണിയർ പെണ്‍കുട്ടികളുടെ പോൾ വോൾട്ടിൽ വെള്ളി നേടിയ മെൽബാ മേരി സാബുവും ഭരണങ്ങാനം സെന്റ് മേരീസിന്റെ അഭിമാനമായി. പ്ലസ് വണ്‍ വിദ്യാർഥിനിയാണ് മെൽബാ മേരി. ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് ആൻ ട്രീസാ പരിശീലനം നടത്തുന്നത്. പാലാ ജംപ്സ് അക്കാദമിയിലെ കെ.പി. സതീഷ് കുമാർ, ജൂലിയസ് ജെ. മനയാനി എന്നിവരാണു മെൽബയുടെ പരിശീലകർ.
ജൂണിയർ പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കോട്ടയം ജില്ലയിലെ തന്നെ താരങ്ങൾക്കാണു വെള്ളിയും വെങ്കലവും. കോട്ടയം. പാലാ സെന്റ് മേരീസ് ഗേൾസ് എച്ച്എസ്എസിലെ ഗ്ലോറി മോൾ ജോസ് വെള്ളിയും ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ ആദിത്യ അജി (15.60) വെങ്കലവും നേടി.
ഇവർ വ്യക്തിഗത ചാന്പ്യന്മാർ
തിരുവനന്തപുരം: സബ് ജൂണിയർ ആണ്‍കുട്ടികളിൽ കല്ലടി എച്ച്എസ് കുമരംപുത്തൂരിലെ ഹർഷദ് അലി, പെണ്‍കുട്ടികളിൽ കൊടുവായൂർ ജിഎച്ച്എസ്എസിലെ നിവേദ്യ കലാധർ എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.
ജൂണിയർ ആണ്‍കുട്ടികളിൽ ചിറ്റൂർ ജിഎച്ച്എസ്എസിലെ ജെ. ബിജോയിയും പെണ്‍കുട്ടികളിൽ പറളി എച്ച്എസിലെ എം. ജ്യോതികയും മികച്ച താരങ്ങളായി.
സീനിയർ ആണ്‍കുട്ടികളിൽ പറളിഎച്ച്എസിലെ എം. നിരഞ്ജനും കാഞ്ഞിരംകുളം പികെഎംഎച്ച്എസ്എസിലെ ഇന്ദ്രനാഥനും 10 പോയിന്റുകൾ വീതം നേടി വ്യക്തിഗത ചാന്പ്യൻ പട്ടം പങ്കിട്ടു. സീനിയർ പെണ്‍കുട്ടികളിൽ നാട്ടിക ഫിഷറീസ് സ്കൂളിലെ ഇ.എസ്. ശിവപ്രിയയാണ് വ്യക്തിഗത ചാന്പ്യൻ പട്ടം സ്വന്തമാക്കിയത്.