ടി.വി. ബാലസുബ്രഹ്മണ്യൻ
ദക്ഷിണാഫ്രിക്കയിൽ ജനുവരിയിൽ നടക്കാനിരിക്കുന്ന ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഒരു മലയാളി, മലപ്പുറം സ്വദേശിയായ സി.എം.സി. നജില. ഇന്ത്യയുടെ മൂന്നംഗ റിസർവ് ടീമിലാണ് നജില ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്. ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും നജില ഉണ്ട്.
തായ്ക്വോൻഡോയിൽനിന്ന് ക്രിക്കറ്റിലേക്ക്
മാർഷ്യൽ ആർട്ട്സ് ആയ തായ്ക്വോൻഡോയിലായിരുന്നു നജില ആദ്യം സജീവമായിരുന്നത്. അതിനിടെ ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ നടക്കുന്ന വിവരം അറിഞ്ഞ് അവിടെയെത്തി. സെലക്ഷൻ ലഭിച്ചു. തുടർന്ന് കേരള ടീം ക്യാപ്റ്റൻവരെ ആയി.
പെരിന്തൽമണ്ണ ക്രിക്കറ്റ് അക്കാഡമിയിലൂടെയാണ് തുടക്കം. ഹൈദർ, അക്ബർ എന്നിവർ ആദ്യ ഗുരുക്കന്മാർ. തുടർന്ന് വയനാട് ക്രിക്കറ്റ് അക്കാഡമിയിലെത്തി. ജസ്റ്റിൻ ഫെർണാണ്ടസ്, ദീപ്തി എന്നിവരുടെ ശിക്ഷണത്തിലൂടെ കൂടുതൽ പരുവപ്പെട്ടു.
അണ്ടർ 19 ക്യാപ്റ്റൻ
കോവിഡ് കാലത്ത് പരിശീലനത്തിനുള്ള സൗകര്യം ഇല്ലാതായി. കാടാന്പുഴയിലെ എംസിസിയിൽ പരിശീലനത്തിനുള്ള അവസരം അക്കാലത്ത് തരപ്പെട്ടു. നെറ്റ്സിലും ലീഗിലും പുരുഷന്മാർക്കൊപ്പം ക്രിക്കറ്റ് പോരാട്ടദിനങ്ങൾ. അണ്ടർ 19 കേരള ടീം ക്യാപ്റ്റനായി. ചലഞ്ചർ ടൂർണമെന്റിൽ ബിസിസിഐ ഡി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. തുടർന്ന് ഇന്ത്യ എ, ബി ടീമുകൾക്കായും ഇപ്പോൾ ലോകകപ്പ് റിസർവ് ടീമിലും.
റിസർവ് ടീമിൽനിന്ന് 15 അംഗ ടീമിൽ കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് നജില തയാറെടുക്കുന്നത്. മിന്നും പ്രകടനം കാഴ്ചവച്ചാൽ ഒരുപക്ഷേ അതു സാധ്യമാകും.
മുത്താണ് നജില...
12:51 AM Dec 07, 2022 | Deepika.com