പോളണ്ട് x ഫ്രാൻസ് പ്രീക്വാർട്ടർ പോരാട്ടത്തിനുശേഷം പോളിഷ് പരിശീലകൻ ചെസ്വഫ് മിഹ്നിയേവിച്ച് പറഞ്ഞതിങ്ങനെ: മെസി, റൊണാൾഡോ, ലെവൻഡോവ്സ്കി... ഇവരുടെ സൂപ്പർ താരപദവി ഇനി ഏറ്റെടുക്കുക കൈലിയൻ എംബാപ്പെയായിരിക്കും.
അയാൾ (എംബാപ്പെ) ഞങ്ങളെ വേദനിപ്പിച്ചു. ഫ്രാൻസിനെതിരേ നിങ്ങൾ കളിക്കുന്പോൾ എംബാപ്പെയെ മാർക്ക് ചെയ്യാൻ രണ്ടുപേരെ തീർച്ചയായും നിയോഗിക്കണം, അയാൾ അണ്സ്റ്റോപ്പബിൾ ആണ്’.
രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് പോളണ്ടിനെതിരേ എംബാപ്പെ നടത്തിയത്. മത്സരത്തിനുശേഷം ഫ്രഞ്ച് പരിശീലകൻ ദിദിയെ ദേഷാംപ് പറഞ്ഞതു മറ്റൊന്ന്: എംബാപ്പെയുടെ ഏറ്റവും മികച്ച മത്സരം ഇതുവരെ വന്നിട്ടില്ല...
തരംഗതാരം
അതെ, ഖത്തർ ലോകകപ്പിന്റെ തരംഗമാണു കൈലിയൻ എംബാപ്പെ എന്ന 23കാരൻ. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഈ ചെറുപ്രായത്തിൽതന്നെ നിരവധി റിക്കാർഡുകൾ അയാൾ സ്വന്തമാക്കിക്കഴിഞ്ഞു. അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കും പോർച്ചുഗൽ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അഞ്ചു ലോകകപ്പിൽ കളിച്ചിട്ടും ഇതുവരെ നേടാൻ സാധിക്കാത്ത പല അപൂർവനേട്ടങ്ങളും വെറും രണ്ടാം ലോകകപ്പിൽ എംബാപ്പെ പേരിലെഴുതി.
ലോകകപ്പിൽ ഇതിനോടകം ഒന്പതു ഗോൾ (2014ൽ നാലും, 2015ൽ ഇതുവരെ അഞ്ചും) എംബാപ്പെ നേടിക്കഴിഞ്ഞു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് (ഒന്പതു ഗോൾ) ഒപ്പവും റൊണാൾഡോയ്ക്ക് (എട്ടു ഗോൾ) മുകളിലുമായി എംബാപ്പെ.
അർജന്റൈൻ ഇതിഹാസം മാറഡോണയ്ക്കുപോലും എട്ടുഗോൾ മാത്രമാണു ലോകകപ്പ് ചരിത്രത്തിൽ നേടാൻ കഴിഞ്ഞത്. ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡും എംബാപ്പെ മറികടന്നു. 24 വയസിനുള്ളിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (എട്ട്) എന്ന റിക്കാർഡ് ഡിം!
പെലെയും പഴങ്കഥ
2018ൽ തന്റെ 19-ാം വയസിൽ ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ ഗോൾ നേടിയ എംബാപ്പെ, നാലു വർഷത്തിനിപ്പുറവും മിന്നുംഫോമിൽ തുടരുകയാണ്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മാത്രം കൈലിയൻ എംബാപ്പെയ്ക്ക് അഞ്ചു ഗോളായി.
റൊണാൾഡോയ്ക്ക് നോക്കൗട്ട് റൗണ്ടിൽ ഒരു ഗോൾ പോലുമില്ല. ഈ ലോകകപ്പിലാണ് മെസി തന്റെ കരിയറിലെ ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ ആദ്യ ഗോൾ നേടിയത് എന്നതും ശ്രദ്ധേയം.
ഈ മാസം 20ന് 24-ാം ജന്മദിനം ആഘോഷിക്കുന്പോൾ കൈലിയൻ എംബാപ്പെയുടെ പേരിൽ രണ്ട് ഫിഫ ലോകകപ്പ് കിരീടമുണ്ടാകുമോ? ചുരുങ്ങിയതു മൂന്നു ലോകകപ്പിൽക്കൂടി എംബാപ്പെ ഇനി കളിച്ചേക്കും. അങ്ങനെയെങ്കിൽ കൈലിയൻ എംബാപ്പെയുടെ പേരിൽ എത്ര ലോകകപ്പ് ഗോളുണ്ടാകും? പ്രവചനാതീതമാണത്!
ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ അഞ്ചു ഗോൾ നേടുന്ന താരമെന്ന നേട്ടം എംബാപ്പെയുടെ പേരിൽ
01:40 AM Dec 06, 2022 | Deepika.com