ദോഹ: സെനഗലിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് ഇറങ്ങിയതു റഹിം സ്റ്റെർലിംഗ് ഇല്ലാതെ. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങളാലാണു സ്റ്റെർലിംഗ് കളിക്കാത്തതെന്നാണു ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ വിശദീകരണം.
ഭാര്യയും കുട്ടികളും വീട്ടിലുള്ളപ്പോൾ സ്റ്റെർലിംഗിന്റെ വസതിയിൽ ആയുധധാരികളായ മോഷ്ടാക്കൾ കയറിയതിനെത്തുടർന്നാണു താരം നാട്ടിലേക്കു മടങ്ങിയതെന്നാണു സൂചന. സംഭവത്തിനുശേഷം മാനസികമായി തകർന്ന കുടുംബത്തിനൊപ്പം സമയംപങ്കിടാൻ താരം തീരുമാനിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനിൽ സ്റ്റെർലിംഗ് ഇടംപിടിച്ചിരുന്നു. ഇനി താരം ലോകകപ്പ് ടീമിലേക്കു തിരിച്ചെത്തുമോ എന്നകാര്യം അദ്ദേഹംതന്നെ തീരുമാനിക്കുമെന്നാണു പരിശീലകൻ ഗാരത് സൗത്ത് ഗേറ്റിന്റെ പ്രതികരണം.
വീട്ടിൽ കള്ളൻകയറി; സ്റ്റെർലിംഗ് തിരിച്ചുപോയി
01:40 AM Dec 06, 2022 | Deepika.com