ഫിഫ ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ ലയണൽ മെസിയുടെയും കൈലിയൻ എംബാപ്പെയുടെയും നെയ്മറിന്റെയും ദിനങ്ങൾ സമാപിച്ചു. ഇന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദിനം.
ഇന്നത്തോടെ 2022 ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ അവസാനിക്കും. ക്വാർട്ടറിലേക്കുള്ള എട്ട് ടീമുകളിൽ ആറ് എണ്ണം ആരൊക്കെയെന്ന് തീരുമാനമായി. ശേഷിക്കുന്ന രണ്ട് ടിക്കറ്റിനായി ഇന്ന് നാല് ടീമുകൾ ഏറ്റുമുട്ടും. അതോടെ ക്വാർട്ടർ ചിത്രം പൂർത്തിയാകും. പ്രീക്വാർട്ടർ പോരാട്ടത്തിലെ അവസാന ദിനമായ ഇന്ന് യുവശക്തികളായ സ്പെയിനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കളത്തിലുണ്ട്.
സ്പെയിൻ x മൊറോക്കോ, 8.30 pm
അട്ടിമറിയുടെ മണമുള്ള മത്സരമാണോ സ്പെയ്ൻ x മൊറോക്കോ...? സ്പാനിഷ് ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതാണ് ഈ സംശയം. എന്നാൽ, മൊറോക്കോയ്ക്കുള്ള മറുമരുന്ന് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻ റിക്വെയുടെ കൈയിൽ ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ആരാധകർ.
ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്ന വിശേഷം സ്വന്തമാക്കിയാണ് മൊറോക്കോ പ്രീക്വാർട്ടറിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളച്ച മൊറോക്കോ, ബെൽജിയത്തിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ചു. തുടർന്ന് കാനഡയെയും (2-1) കീഴടക്കി ഗ്രൂപ്പ് ചാന്പ്യന്മാരായാണ് മോറോക്കോയുടെ വരവ്.
ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്കയെ 7-0ന് തകർത്ത് വൻഹൈപ്പിൽ ലോകകപ്പ് പോരാട്ടം തുടങ്ങിയ സ്പെയിൻ രണ്ടാം മത്സരത്തിൽ ജർമനിയോട് 1-1 സമനില വഴങ്ങി. അവസാന മത്സരത്തിൽ ജപ്പാനുമുന്നിൽ (2-1) തലകുത്തി വീഴുകയും ചെയ്തു. അതിവേഗവും ശാരീരിക കരുത്തുമുള്ള മൊറോക്കോ താരങ്ങളെ പാസിംഗ് ഗെയിമിന്റെ ഉസ്താദുകളായ സ്പെയ്ൻ എങ്ങനെ നേരിടുമെന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
പോർച്ചുഗൽ x സ്വിറ്റ്സർലൻഡ്, 12.30 am
ഗ്രൂപ്പ് എച്ചിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പോർച്ചുഗൽ മൂന്നാം മത്സരത്തിന് ഇറങ്ങിയത് ടീമിൽ അഴിച്ചുപണി നടത്തിയായിരുന്നു. അതിന്റെ ശിക്ഷ ദക്ഷിണകൊറിയ (2-1) നൽകുകയും ചെയ്തു. എങ്കിലും ഗ്രൂപ്പ് ചാന്പ്യന്മാരായാണ് പോർച്ചുഗലിന്റെ നോക്കൗട്ട് പ്രവേശം. ഗ്രൂപ്പ് ജിയിൽ കാമറൂണിനെയും സെർബിയയെയും കീഴടക്കിയാണ് സ്വിറ്റ്സർലൻഡിന്റെ വരവ്. ബ്രസീലിനോട് മാത്രമാണ് അവർ തോൽവി അറിഞ്ഞത്.
ഈ വർഷം ഇരുടീമും നേർക്കുനേർ വരുന്നത് ഇത് മൂന്നാം തവണ. മൂന്നാം ക്വാർട്ടർ എന്ന സ്വപ്നത്തിനായാണ് പോർച്ചുഗൽ ഇറങ്ങുന്നത്. 1966, 2006 ലോകകപ്പുകളിലാണ് മുന്പ് പോർച്ചുഗൽ ക്വാർട്ടർ കണ്ടത്.
സിആർ ദിനം പ്രീക്വാർട്ടർ ഇന്ന് സമാപിക്കും
12:05 AM Dec 06, 2022 | Deepika.com