തിരുവനന്തപുരം: മീറ്റിന്റെ വേഗതാരങ്ങളായി അനുരാഗും മേഘയും. സംസ്ഥാന സ്കൂൾ മീറ്റിലെ ഗ്ലാമർ ഇനമായ സീനിയർ വിഭാഗം 100 മീറ്റർ ആണ്‍കുട്ടികളിൽ തിരുവനന്തപുരം ജി.വി. രാജാ സ്കൂളിലെ സി.വി. അനുരാഗ് 10.90 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ, പെണ്‍കുട്ടികളിൽ പാലക്കാട് പുളിയാപറന്പ് ഹൈസ്കൂളിലെ എസ്. മേഘ 2.23 സെക്കൻഡിൽ ഓടിയെത്തിയാണ് മീറ്റിലെ മിന്നും താരങ്ങളായി സുവർണനേട്ടത്തിന് ഉടമകളായത്.
സീനിയർ ആണ്‍കുട്ടികളിൽ മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ പി. മുഹമ്മദ് ഷാൻ (10.91) വെള്ളിയും ആലപ്പുഴ ലിയോ തേർട്ടീന്തിലെ ആഷ്ലിൻ അലക്സാണ്ടർ (10.94) വെങ്കലവും നേടി. പാലക്കാട് പറളിയിലെ വി. നേഹ 12.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സീനിയർ പെണ്‍കുട്ടികളുടെ 100 മീറ്ററിൽ വെള്ളിയും മലപ്പുറം ഐഡിയൽ സ്കൂളിലെ സി. അനുഗ്രഹ (12.88) വെങ്കലവും നേടി.
100 മീറ്ററിലും പാലക്കാടൻ സ്കൂളുകളുടെ മേധാവിത്വമായിരുന്നു ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ. വിവിധ കാറ്റഗറികളിലായി മൂന്നു സ്വർണം പാലക്കാടൻ താരങ്ങൾ ഈയിനത്തിൽ സ്വന്തമാക്കി.
സബ് ജൂനിയർ പെണ്‍കുട്ടികളുടെ100 മീറ്ററിൽ തലശേരി സായിയിലെ ശ്രീനന്ദയ്ക്കാണ് സ്വർണം. 13.72 സെക്കൻഡിലാണ് ശ്രീനന്ദ ഫിനിഷ് ചെയ്തത്. തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂളിലെ എൻ. അനന്യ കൃഷ്ണ 13.84 സെക്കൻഡിൽ വെള്ളിയും തൃശൂർ ചാൽഡൻ സിറിയൻ സ്കൂളിലെ വി.എം. അശ്വതി (13.94 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
ആണ്‍കുട്ടികളിൽ കല്ലടി എച്ച്എസ് കുമരംപുത്തൂരിന്റെ മണിപ്പൂരി താരം ജാഹിർ ഖാൻ സുവർണനേട്ടത്തിന് അർഹനായി. 12.43 സെക്കൻഡിലാണ് ജാഹിർ സ്വർണത്തിലേക്ക് ഓടിയെത്തിയത്. കല്ലടിയുടെതന്നെ എം.ഡി. സുഹീബ് (12.52) വെള്ളിയും തിരുവനന്തപുരം അയ്യങ്കാളി സ്കൂളിലെ ആർ.എസ്. രോഹിത് രാജ് (12.59) വെങ്കലവും സ്വന്തമാക്കി.
ജൂനിയർ പെണ്‍കുട്ടികളിൽ പാലക്കാട് ജിഎംഎംജിഎച്ച്എസ്എസിലെ ജി. താര 12.80 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയപ്പോൾ തൃശൂർ എച്ച്സിജിഎച്ച്എസ്എസിലെ കെ.എസ്. ആര്യനന്ദ (12.84) വെള്ളിയും ആലപ്പുഴ ഗവണ്മെന്റ് സ്കൂളിലെ പി.വി. അഭിരാമി (13.12) വെങ്കലവും നേടി.
ജൂനിയർ ആണ്‍കുട്ടികളിൽ മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ അലൻ മാത്യു (11.30) സ്വർണവും പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസിലെ യു. ആയുഷ് കൃഷ്ണ (11.4) വെള്ളിയും പാലക്കാട് പറളി സ്കൂളിലെ കെ.ബി. ആദർശ് (11.41) വെങ്കലവും നേടി.
അനുരാഗും മേഘയും വേഗതാരങ്ങൾ
02:11 AM Dec 05, 2022 | Deepika.com