ദോഹയിൽനിന്ന് ബിനോയ് ജോണ്‍ മങ്കൊന്പ്
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് നാട്ടിലെ പഴമൊഴി... അത് അങ്ങനെതന്നെയാണുതാനും. കൊടുത്താൽ ഖത്തറിലും കിട്ടും എന്ന് ഈ പഴമൊഴി പരിഷ്കരിക്കേണ്ട സംഭവമാണ് ഇവിടെ കഴിഞ്ഞ ദിവസം അരങ്ങേറിയത്.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിനെതിരായ പരാതികൾ ഏറെയുണ്ട്. തൊഴിലാളികൾക്ക് എതിരായ മനുഷ്യാവകാശധ്വംസനം മുതൽ സ്വവർഗാനുരാഗത്തിന് എതിരായ നിയമം വരെ അതിൽ ഉൾപ്പെടും.
സ്വവർഗാനുരാഗത്തിന് എതിരായ നിയമത്തിനെതിരേ ലോകകപ്പിനിടെ പ്രതിഷേധിക്കാൻ യൂറോപ്യൻ ടീമുകൾ സംഘം ചേർന്നിരുന്നു. വണ്‍ ലൗ ആംബാൻഡ് ധരിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഫിഫയുടെ ഭീഷണിയിൽ ആ ഉദ്യമം അവർ വേണ്ടെന്നുവച്ചു. എന്നാൽ, ജർമൻ ടീം മറ്റൊരു രീതിയിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ടീം ഫോട്ടോയിൽ മുഖംമൂടിനിന്നായിരുന്നു ജർമൻ ടീമിന്റെ പ്രതിഷേധം.ടീം ഫോട്ടോയിൽ വായ്മൂടിനിന്നായിരുന്നു ജർമൻ ടീമിന്റെ പ്രതിഷേധം. ജർമൻ മന്ത്രി ഖത്തറിൽ മത്സരം കാണാൻ എത്തിയപ്പോൾ കൈയിൽ വണ്‍ ലൗ ബാൻഡ് അണിയുകയും ചെയ്തു.
ഇതിനുള്ള മറുപടി ഇപ്പോൾ ഖത്തറിന്റെ വകയായി എത്തിയിട്ടുണ്ട്. ഖത്തറിൽ ഒരു ടെലിവിഷൻ പരിപാടിക്കിടെ സ്ക്രീനിൽ എത്തിയവർ ഒരു കൈകൊണ്ട് വായ്പൊത്തുകയും മറുകൈകൊണ്ട് ‘ബൈ... ബൈ...’ ആംഗ്യം കാണിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനി പുറത്തായതോടെയാണ് ഉരുളയ്ക്ക് ഉപ്പേരിപോലുള്ള ഈ മറുപടി എത്തിയത്.
കൊടുത്താൽ ഖത്തറിലും കിട്ടും...
02:29 AM Dec 03, 2022 | Deepika.com