അർജന്റീനയ്ക്ക് ഇന്നു ജയം അർജന്റാണ്. അല്ലാത്തപക്ഷം അർജന്റീന ഖത്തർ ലോകകപ്പ് ഫുട്ബോളിൽനിന്നു തിരികെ നാട്ടിലേക്കു പറക്കേണ്ടിവരും.
അർജന്റൈൻ ആരാധകർ അത് ഒട്ടും പ്രതീക്ഷിക്കുന്നില്ല എന്നതാണു യാഥാർഥ്യം. അർജന്റീനയ്ക്കൊപ്പം അർജന്റായി ജയം വേണമെന്ന അവസ്ഥയിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, സൗദി അറേബ്യ, പോളണ്ട് തുടങ്ങിയ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾക്കായി ഇന്ന് ഇറങ്ങുന്നുണ്ട്.
അർജന്റീന x പോളണ്ട്, സൗദി x മെക്സിക്കോ @ 12.30 am
ജയിച്ചാൽ പ്രീക്വാർട്ടറിൽ കടക്കാം എന്ന അവസ്ഥയിൽ ഗ്രൂപ്പ് സിയിൽ അർജന്റീനയും പോളണ്ടും ഇന്നു നേർക്കുനേർ. സൂപ്പർ താരങ്ങളായ ലയണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടവുമാണിത്.
രണ്ടു താരങ്ങളും ഇനി ഒരു ലോകകപ്പ് വേദിയിൽ ഉണ്ടാകുമോ എന്നും തീർച്ചയില്ല. ഖത്തർ ലോകകപ്പ് കിരീടസാധ്യതയിൽ മുൻപന്തിയിലായിരുന്ന അർജന്റീന, സൗദി അറേബ്യക്ക് എതിരായ അപ്രതീക്ഷിത തോൽവിയോടെയാണു പ്രതിസന്ധിയിലായത്. എന്നാൽ, മെക്സിക്കോയ്ക്ക് എതിരായ 2-0ന്റെ ജയമാണ് അർജന്റീനയ്ക്കു ജീവൻ നൽകിയത്. അതിന്റെ തുടർച്ച പ്രതീക്ഷിച്ചാണു ലാ ആൽബിസെലസ്റ്റെ ആരാധകരുടെ കാത്തിരിപ്പ്.
ഗ്രൂപ്പിൽ പോളണ്ട് ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം. പോളണ്ടിനെ കീഴടക്കിയാൽ ഗ്രൂപ്പ് ചാന്പ്യന്മാരായി അർജന്റീനയ്ക്കു പ്രീക്വാർട്ടറിൽ കടക്കാം. 974 സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് പോളണ്ട് x അർജന്റീന മത്സരം.
ഇതേസമയം, ലൂസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും മെക്സിക്കോയും ഏറ്റുമുട്ടും. ജയിക്കുന്ന ടീമിനു പ്രീക്വാർട്ടർ സാധ്യത ഉണ്ടെന്നതാണ് ഈ മത്സരത്തിന്റെയും ഹൈലൈറ്റ്. സൗദിയാണു ജയിക്കുന്നതെങ്കിൽ അവർ പ്രീക്വാർട്ടർ ഉറപ്പിക്കും എന്നതും വാസ്തവം.
ഓസ്ട്രേലിയ x ഡെന്മാർക്ക്, ഫ്രാൻസ് x ടുണീഷ്യ @ 8.30 pm
ഗ്രൂപ്പ് ഡിയിൽനിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് മൂന്നാം ജയത്തിനായി ഇന്നു ടുണീഷ്യക്ക് എതിരേ ഇറങ്ങും. ഒരു അട്ടിമറിയിലൂടെ പ്രീക്വാർട്ടറിൽ കടക്കാൻ സാധിക്കുമോ എന്ന അറ്റകൈപ്രയോഗമാണ് ടുണീഷ്യയുടെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ ജനൂബ് സ്റ്റേഡിയത്തിലാണു മത്സരം.
ഇതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയും ഡെന്മാർക്കും ഇറങ്ങും. മൂന്നു പോയിന്റുള്ള ഓസ്ട്രേലിയയാണു ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. ഇന്നു ജയിക്കുന്ന ടീം പ്രീക്വാർട്ടറിൽ പ്രവേശിക്കും എന്നതിനാൽ ഓസ്ട്രേലിയ x ഡെന്മാർക്ക് പോരാട്ടത്തിന്റെ തീവ്രത വർദ്ധിക്കും. ഫിഫ ലോകകപ്പിൽ രണ്ടാം തവണയാണ് ഓസ്ട്രേലിയയും ഡെന്മാർക്കും ഏറ്റുമുട്ടുന്നത്. 2018ൽ ഇരു ടീമും നേർക്കുനേർ വന്നപ്പോൾ 1-1 സമനിലയായിരുന്നു ഫലം.
അർജന്റീനയ്ക്ക് ഇന്നു ജയം അർജന്റ്
01:17 AM Nov 30, 2022 | Deepika.com