ദോഹ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിൽനിന്നു പറന്നുയർന്ന ബ്രൂണോ ഫെർണാണ്ടസിന്റെ ചുമലിലേറി പോർച്ചുഗൽ ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ.
ഉറുഗ്വെയെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണു പോർച്ചുഗൽ കീഴടക്കിയത്. 54-ാം മിനിറ്റിൽ മനോഹരമായൊരു ചിപ്പ് ഷോട്ടിലൂടെ ഗോൾ നേടിയ ബ്രൂണോ, മത്സരത്തിന്റെ അധികസമയത്തു പെനൽറ്റിയിലൂടെ വീണ്ടും ലക്ഷ്യംകണ്ടു.
കരുതലോടെ
തുല്യശക്തികളുടെ പോരാട്ടത്തിൽ കരുതലോടെയാണു ടീമുകൾ തുടങ്ങിയത്. ഇടയ്ക്കു ചില മുന്നേറ്റങ്ങളും. 12-ാം മിനിറ്റിൽ ഉറുഗ്വെ താരം ഹിമിനിസിന്റെ ഹെഡ്ഡർ ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 18-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെടുത്ത ഫ്രീകിക്കിന് ഉറുഗ്വെയുടെ പ്രതിരോധമതിൽ മറികടക്കാനായില്ല. 32-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റൻക്കർ തൊടുത്ത ഷോട്ട് പോർച്ചുഗൽ ഗോളി ഡീഗോ കോസ്റ്റ രക്ഷപ്പെടുത്തി. ആദ്യപകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
ഡബിൾ ബാരൽ
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ പോർച്ചുഗൽ ലീഡ് നേടി. ഇടതുവിംഗിൽനിന്നുള്ള ബ്രൂണോയുടെ ഷോട്ട് ഗോളിയേയും മറികടന്നു വലയിൽ. ഈ ഷോട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡ്ഡറിനു ശ്രമിച്ചെങ്കിലും തലയിൽ കൊള്ളാതെ വലയിലെത്തിയതിനാൽ പരിശോധനകൾക്കുശേഷം ഫിഫ ഗോൾ ബ്രൂണോയുടെ പേരിൽ വിധിച്ചു.
ലീഡെടുത്തതിനുശേഷവും പോർച്ചുഗൽ ആക്രമണം തുടർന്നു, ഉറുഗ്വെ സമനിലയ്ക്കായി പോരാടി. 75-ാം മിനിറ്റിൽ ഉറുഗ്വെയുടെ മാക്സി ഗോമസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റുകളിൽ ലഭിച്ച അവസരങ്ങൾ ലൂയിസ് സുവാരസും അരസ്കാറ്റയും പാഴാക്കി. മത്സരത്തിന്റെ അധികസമയത്ത് പോർച്ചുഗലിന് അനുകൂലമായി പെനൽറ്റിയും വിധിച്ചതോടെ ഉറുഗ്വെയുടെ പതനം പൂർണം.
എട്ടിന്റെ പണി
ആദ്യ പകുതിയിൽ പോർച്ചുഗൽ ഗോളിലേക്കു പായിച്ചത് എട്ടു ഷോട്ടുകളാണ്. ഒന്നുപോലും വലയിലെത്തിയില്ല. ലോകകപ്പിൽ ഇതു റിക്കാർഡ്.
ഗോൾവഴി...
ബ്രൂണോ ഫെർണാണ്ടസ് (54’, 90+3’)
1. ഇടതുവിംഗിലൂടെ തുടങ്ങിയ നീക്കത്തിനൊടുവിൽ റാഫേൽ ഗ്വരേരോയുടെ പാസ്. ബോക്സിനകത്തേക്കു ബ്രൂണോ ഫെർണാണ്ടസ് കോരിയിട്ട ഷോട്ടിലേക്കു ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിച്ചുയർന്നു. സൂപ്പർതാരത്തിന്റെ തലയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പന്ത് ഉറുഗ്വെ ഗോൾകീപ്പർ സെർജിയോ അൽവാരസിനെയും മറികടന്നുവലയിൽ. ഗോൾ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണു വിധിച്ചത്. പിന്നീട് പരിശോധനയിൽ ക്രിസ്റ്റ്യാനോ പന്തിൽ തൊട്ടില്ലെന്നു വ്യക്തമായി.
2. പെനൽറ്റി ബോക്സിനകത്തുവച്ച് ഉറുഗ്വെ പ്രതിരോധതാരം ഹോസെ മരിയ ഹിമിനസിന്റെ കൈയിൽ പന്ത് തട്ടി. വാർ പരിശോധനയ്ക്കുശേഷം റഫറി വിരൽ ചൂണ്ടിയതു പെനൽറ്റി സ്പോട്ടിലേക്ക്. ബ്രൂണോ ഫെർണാണ്ടസിന്റെ കിക്ക് സെർജിയോ അൽവാരസിനെ കബളിപ്പിച്ചു വലയിൽ.
പോർച്ചുഗൽ ലോകകപ്പ് പ്രീക്വാർട്ടറിൽ
01:17 AM Nov 30, 2022 | Deepika.com