ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളച്ച മൊറോക്കോയുടെ ആക്രമണത്തിനു മുന്നിൽ ബെൽജിയത്തിനു മറുപടിയില്ലായിരുന്നു. തുടക്കം മുതൽ മൊറോക്കോ കരുത്ത് കാട്ടിയപ്പോൾ ബെൽജിയത്തിന്റെ ശക്തി കടലാസിനപ്പുറം കണ്ടില്ല. ഹക്കിം സിയെച്ചിന്റെ ക്രോസ് ബെൽജിയം ഗോൾ മുഖം തേടിയെത്തിയതോടെയാണ് മത്സരം ആരംഭിച്ചത്.
ബ്രദേഴ്സ് ഡേ
ബെൽജിയം സഹോദരങ്ങളായ തോർഗാൻ ഹസാർഡും ഏഡൻ ഹസാർഡും ലോകകപ്പ് മത്സരത്തിൽ ഇതാദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയ മത്സരമായിരുന്നു. ശാരീരികമായി ബെൽജിയം കളിക്കാരേക്കാൾ മുന്നിട്ടുനിന്നത് മൊറോക്കക്കാരായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഖത്തർ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോൾ പിറന്നു. എന്നാൽ, വിഎആർ പരിശോധിച്ച റഫറി ഗോൾ റദ്ദാക്കി. ഹക്കിം സീയെച്ച് ആയിരുന്നു മൈനസ് പൊസിഷനിൽനിന്ന് ഒളിന്പിക് ഗോളിനെ അനുസ്മരിപ്പിച്ച് പന്ത് വലയിലാക്കിയത്.
ആദ്യ ഫ്രീകിക്ക് ഗോൾ
73-ാം മിനിറ്റിൽ ഖത്തർ ലോകകപ്പിലെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ഗോൾ എത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിഎആറിലൂടെ റദ്ദാക്കപ്പെട്ട ഹക്കിം സീയെച്ചിന്റെ ഫ്രീകിക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു 73-ാം മിനിറ്റിൽ അബ്ദെൽഹമീദ് സാബിരിയുടെ ഗോൾ. ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോയുടെ ആദ്യ ഫ്രീകിക്ക് ഗോളുമായിരുന്നു അത്.
84-ാം മിനിറ്റ് മുതൽ പ്രതിരോധം ബലപ്പെടുത്തി 5-4-1 ശൈലിയിലേക്ക് മൊറോക്കോ ചുവടുമാറി. ഇഞ്ചുറി ടൈമിൽ ഹക്കിം സീയെച്ചിന്റെ അസിസ്റ്റിൽ സക്കറിയ അബുഖ്ലാലായിരുന്നു ബെൽജിയത്തിന്റെ ഹൃദയത്തിലെ രണ്ടാം ആണി അടിച്ചത്.
ബാർബറി സിംഹം
സിംഹങ്ങളിലെ ഏറ്റവും വലിയ വർഗമായിരുന്നു ബാർബറി സിംഹം. വടക്കൻ ആഫ്രിക്കയുടെ മൊറോക്കോ മുതൽ ഈജിപ്ത് വരെയുള്ള തീരങ്ങളിലായിരുന്നു ഇവ ജീവിച്ചിരുന്നത്. അറ്റ്ലസ് സിംഹമെന്നും ന്യൂബിയൻ സിംഹമെന്നും ഇവ അറിയപ്പെട്ടിരുന്നു. ദേഹത്തിന്റെ പകുതിവരെ വരുന്ന നീളമുള്ള സടയാണ് ഇവയുടെ പ്രത്യേകത. 20-ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചു.
ഗോള്വഴി...
അബ്ദെൽഹമീദ് സാബിരി (73’)
ബെൽജിയം ഫൈനൽ തേർഡിന്റെ വലത് കോർണറിനോട് ചേർന്ന് മൊറോക്കോയ്ക്ക് ഫ്രീകിക്ക്. ഒളിന്പിക് ഗോളിനെ അനുസ്മരിപ്പിച്ച് അബ്ദെൽഹമീദിന്റെ ഷോട്ട് ബെൽജിയം ഗോൾകീപ്പർ തിബൊ കോർട്വയെയും കടന്ന് പന്ത് വലയിൽ.
സക്കറിയ അബുഖ്ലാൽ (90+2’)
മൊറോക്കോയുടെ കൗണ്ടർ അറ്റാക്ക്. ഹക്കിം സീയെച്ച് മറിച്ചു നൽകിയ പന്തിൽ സക്കറിയ അബുഖ്ലാലിന്റെ വലംകാൽ ഷോട്ട്. ബോക്സിനു നടുവിൽനിന്ന് തൊടുത്ത ഷോട്ട് വലയുടെ വലത് മേൽത്തട്ടിൽ.