വിശ്വകപ്പിന്റെ വിജയിയെ തേടിയുള്ള പ്രയാണത്തിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്. അർജന്റീന x മെക്സിക്കോ കളികാണാൻ ഒഴുകിയെത്തിയത് 88,966 ആളുകളായിരുന്നു. ഖത്തറിൽ ലോകകപ്പ് വിജയിക്കുമോ എന്നു സംശയിച്ചുള്ളവർക്കുള്ള ഏറ്റവും വലിയ മറുപടിയായി അത്. കളികാണാൻ പോകുന്ന സ്റ്റേഡിയങ്ങളിലേക്ക് മെട്രോ ഇറങ്ങി കുറച്ചു ദൂരം നടക്കാനുണ്ട്, അവിടെ മുതൽ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്നിടം വരെ ഇവന്റ് മാനേജ്മെന്റ് നേതൃത്വത്തിൽ വിവിധ പരിപാടികൾ. വിവിധ വിഭാഗക്കാരുടെ കലാപരിപാടികൾ ഇവിടെ അരങ്ങേറും.
അതുകണ്ട് സ്റ്റേഡിയത്തിലേക്കുള്ള ക്യൂവിന്റെ ദൈർഘ്യം നമ്മൾ മറന്നുപോകും. ആഫ്രിക്കൻ ടീമിന്റെ ഡാൻസും പാട്ടും വളരെ ഏറെപേർ ആസ്വദിക്കുന്നുണ്ട്. എടുത്ത് പറയേണ്ടതാണ് ഇന്ത്യൻ കലാ കാര·ാരുടെ പരിപാടികൾ, ആരാധകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി അവർ അരങ്ങ് തകർക്കുകയാണ്.
ഖത്തറിന്റെ ടൂറിസം മേഖലയിലും പുതിയ ഉണർവ് ഉണ്ടാക്കുന്നതിന് ഈ ലോകകപ്പ് ഏറെ പ്രാധാന്യം വഹിക്കുന്നു. എല്ലാ ഷോപ്പുകളിലും മാളുകളിലും ഹോട്ടലുകളിലും സാമാന്യം നല്ല തിരക്കുണ്ട്. ചില പാശ്ചാത്യ മാധ്യമങ്ങൾ തൊടുത്തുവിട്ട, അമിതമായ വിലയാണ് ഇവിടെ എന്നുള്ള കള്ള പ്രചാരണങ്ങൾ ഓരോന്നും അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്.
നേരിട്ട് സ്റ്റേഡിയത്തിൽ എത്താൻ സാധിക്കാത്ത ബഹു ഭൂരിപക്ഷം ആരാധകരും ഫാൻ സോണുകളിൽ പോയി കളി കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട്. അൽബിത, 974 ബീച്ച്, വക്ര, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഇത് ക്രമീകരിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള ഫാൻസ് സോണുകളിൽ പ്രധാനമായും ബാച്ചിലേഴ്സാണ് വരാറുള്ളത്.
വിരസതയാർന്ന ഒഴിവുദിനങ്ങളിൽ ഞങ്ങൾ പ്രധാനമായും പൊയ്ക്കൊണ്ടിരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള ഏഷ്യൻ ടൗണിലെ സിനിമ തിയേറ്ററുകൾ. നാട്ടിൽ റിലീസ് ആകുന്ന സിനിമകൾ അന്നുതന്നെ മിക്കപ്പോഴും ഇവിടങ്ങളിലും റിലീസ് ആകാറുണ്ട്. 20 റിയാലാണ് ടിക്കറ്റ് ചാർജ്. ലോകകപ്പ് മൂലം തീയറ്റർ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. കാരണം എല്ലാവരും ഇപ്പോൾ ഫുട്ബോൾ കാഴ്ചയിലാണ്. തീയറ്ററുകൾ എപ്പോഴും അവിടെത്തന്നെ ഉണ്ടല്ലോ ലോകകപ്പ് തൊട്ടടുത്ത് ഇപ്പോഴല്ലേ ഉള്ളൂ എന്നാണ് ഇവിടുള്ളവരുടെ പ്രതികരണം...
ഖത്തറിൽ സർവം ഫുട്ബോൾ മയം...
01:27 AM Nov 28, 2022 | Deepika.com