തുടർച്ചയായ രണ്ടാം ലോകകപ്പിലും ജർമനി ആദ്യറൗണ്ടിൽ പുറത്താകുമോ...? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ആരംഭിക്കുന്ന മത്സരത്തിൽ അറിയാം. ഇന്ന് ജയിച്ചാൽ മാത്രമേ ജർമനിക്ക് പ്രീക്വാർട്ടർ സാധ്യതയുള്ളൂ. ജർമനിയെ അട്ടിമറിച്ച ജപ്പാനും ഇന്ന് കളത്തിലുണ്ട്. ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് സാമുറായികളുടെ ലക്ഷ്യം.
സ്പെയ്ൻ x ജർമനി, 12.30 am
ഗ്രൂപ്പ് എഫിൽ നിർണായക മത്സരത്തിൽ ജർമനിയും സ്പെയ്നും ഇന്നു നേർക്കുനേർ. അൽ ബൈത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് സ്പെയ്ൻ x ജർമനി വന്പൻ പോരാട്ടം. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ സ്പെയ്ൻ 7-0ന് കോസ്റ്റാറിക്കയെ തകർത്തിരുന്നു. ലോകകപ്പ് ചരിത്രത്തിൽ സ്പെയ്നിന്റെ ഏറ്റവും വലിയ ജയമായിരുന്നു അത്. യുവതാരങ്ങളാണ് സ്പെയ്നിനായി അണിനിരക്കുന്നത്. 18കാരനായ ഗാവി വരെ കോസ്റ്റാറിക്കയ്ക്ക് എതിരേ ഗോൾ നേടിയിരുന്നു. ഈ ലോകകപ്പിൽ എത്തിയതിൽ ഏറ്റവും യുവത്വമുള്ള ടീമാണ് സ്പെയ്നിന്റേത്. എന്നുവച്ച് പിള്ളേരുകളിയല്ല സ്പെയ്നിനെ നേരിടുക എന്നതെന്ന് ജർമനിക്ക് കൃത്യമായി അറിയാം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ കോസ്റ്റാറിക്കയെ നേരിടും. ജർമനിയെ 1-2ന് അട്ടിമറിച്ച ജപ്പാൻ ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടർ ഏകദേശം ഉറപ്പിക്കാം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ജപ്പാൻ x കോസ്റ്റാറിക്ക പോരാട്ടം. കോസ്റ്റാറിക്കയ്ക്ക് എതിരേ മുന്പ് നാലു തവണ കളിച്ചതിൽ മൂന്നു ജയവും ഒരു സമനിലയുമായിരുന്നു ജപ്പാന്റെ പ്രകടനം. കോസ്റ്റാറിക്കയോട് ഇതുവരെ തോറ്റ ചരിത്രം ജപ്പാനില്ല. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ രണ്ടാം ജയം (2002ൽ നേടിയിരുന്നു) രണ്ടാം തവണ സ്വന്തമാക്കുക എന്നതും സാമുറായികളുടെ ഇന്നത്തെ ലക്ഷ്യമാണ്.
ക്രൊയേഷ്യ x കാനഡ, 9.30 pm
ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടമാണ് 2018 ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും 36 വർഷത്തിനുശേഷം ലോകകപ്പ് വേദിയിൽ എത്തിയ കാനഡയും തമ്മിൽ അരങ്ങേറുന്നത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് ക്രൊയേഷ്യ x കാനഡ കിക്കോഫ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയവും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടും. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് ഈ മത്സരം.
കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ചശേഷമാണ് കാനഡ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ബെൽജിയത്തോട് 1-0നു തോറ്റെങ്കിലും കാനഡയുടെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം, ക്രൊയേഷ്യ ആദ്യമത്സരത്തിൽ മൊറോക്കോയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ചുരുക്കത്തിൽ പ്രീക്വാർട്ടർ ടിക്കറ്റിലേക്ക് അടുക്കാനുള്ള പോരാട്ടങ്ങളാണ് ഗ്രൂപ്പിൽ ഇന്ന് അരങ്ങേറുന്നത്.
സ്പെയ്നിന് എതിരേ ജർമനി
01:36 AM Nov 27, 2022 | Deepika.com