ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എച്ചിൽ അഞ്ച് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ പോർച്ചുഗൽ 3-2ന് ആഫ്രിക്കൻ സംഘമായ ഘാനയെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു 974 സ്റ്റേഡിയത്തിൽ ഗോൾ മഴ ആരംഭിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പോർച്ചുഗൽ ആക്രമിച്ച് കയറി. 11-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം സൂപ്പർ താരം റൊണാൾഡോ നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ത്രൂബോൾ സ്വീകരിച്ച റൊണാൾഡോയ്ക്ക് ഗോൾകീപ്പർ സിഗിയെ മറികടക്കാനായില്ല. പോർച്ചുഗൽ ആക്രമണങ്ങളെ ഘാന കൃത്യമായി റീഡ് ചെയ്ത് തടഞ്ഞതോടെ ഗോൾ അകന്നു നിന്നു. 28-ാം മിനിറ്റിൽ ലഭിച്ച അവസരം പോർച്ചുഗലിന്റെ ബെർണാഡോ സിൽവ പാഴാക്കി.
സംഭവബഹുലം
രണ്ടാം പകുതി സംഭവബഹുലമായിരുന്നു. 69-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി. റൊണാൾഡോയെ വീഴ്ത്തിയതിനായിരുന്നു റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. മൂന്ന് ലോകകപ്പിൽ പെനൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡിലും അതോടെ റൊണാൾഡോ എത്തി.
അടി, തിരിച്ചടി
73-ാം മിനിറ്റിൽ ക്യാപ്റ്റൻ ആന്ദ്രേ ആയുവിലൂടെ ഘാനയുടെ മറുപടിയെത്തി. ക്ലോസ് റേഞ്ചിൽനിന്ന് ആയു തൊടുത്ത ഷോട്ട് പോർച്ചുഗൽ വലയിൽ തുളഞ്ഞിറങ്ങി. സമനില ഗോൾ ഘാന ആഘോഷിച്ചു കഴിയുന്നതിനു മുന്പ് പോർച്ചുഗലിന്റെ തിരിച്ചടിയെത്തി. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ജാവൊ ഫീലിക്സ് പോർച്ചുഗലിനു ലീഡ് സമ്മാനിച്ചു. അവിടംകൊണ്ടും നിർത്താൻ പറങ്കിപ്പട തയാറായില്ല. 80-ാം മിനിറ്റിൽ റാഫേൽ ലിയാവൊ പോർച്ചുഗലിന്റെ ലീഡ് 3-1ൽ എത്തിച്ചു. ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു ലിയാവൊയുടെ ഗോളിനും അസിസ്റ്റ് ചെയ്തത്.
ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് ഒന്പത് മിനിറ്റിനുശേഷം വീണ്ടും ഗോൾ. വിട്ടുകൊടുക്കാൻ തയാറല്ലെന്നു പ്രഖ്യാപിച്ച് ഘാന, പോർച്ചുഗലിന്റെ വല കുലുക്കി. ഉസ്മാൻ ബുകാരിയുടെ വകയായിരുന്നു 89-ാം മിനിറ്റിലെ ഘാന ഗോൾ. അതോടെ ഇഞ്ചുറി ടൈമിന്റെ തീവ്രതയേറി, പിരിമുറുക്കം വർദ്ധിച്ചു. ഏതു സമയവും സമനില ഗോൾ ഘാന നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. അതോടെ ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം അവസാനിച്ചു.
റൊണാൾഡോ റിക്കാർഡിൽ
ചരിത്രം കുറിച്ച് റൊണാൾഡോ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാർഡ് റൊണാൾഡോ സ്വന്തമാക്കി.
2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിലും റൊണാൾഡോ ഗോൾ നേടി. ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ട്.
ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ 3-2ന് ഘാനയെ കീഴടക്കി
12:37 AM Nov 25, 2022 | Deepika.com