ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
അറബ് മണലാരണ്യങ്ങളിൽ വിരിയാൻ മടിച്ചുനിൽക്കുന്ന വസന്തം പോലെയാണു ചില മുൻനിര താരങ്ങളുടെ പ്രകടനം. കാലാവസ്ഥയാണോ ആരോഗ്യകരമായ കാരണങ്ങളാണോ എന്താണെന്നറിയില്ല, തങ്ങളുടെ മികച്ച കളി പുറത്തെടുക്കാൻ പല കളിക്കാർക്കും ഇതുവരെ സാധിച്ചിട്ടില്ല. അതിനെല്ലാം മാറ്റംവന്ന് അറേബ്യയിൽ ഗോൾ വസന്തം വിരിയട്ടെ എന്നാണ് ഇവിടത്തെ മലയാളികൾ ആശംസിക്കുന്നത്.
ബ്രസീൽ x സെർബിയ മത്സരത്തിനായി രാവിലെ മുതൽ നിഷാന്തും കുടുംബവും തിരക്കുപിടിച്ചുള്ള ഓട്ടത്തിലായിരുന്നു. കട്ട ബ്രസീലിയൻ ആരാധകരായ ഇവർ എന്തിനാണ് സെർബിയൻ ജഴ്സി അന്വേഷിച്ച് നടക്കുന്നത് എന്നായിരുന്നു എന്റെ ചിന്ത. ഒട്ടുമിക്ക കടകളിലും വിളിച്ചു ചോദിക്കുന്നു.
ഏക മകൾ ജൂവൽ സെർബിയയുടെ ഫാൻ ആണെന്ന്, ലോകകപ്പ് തുടക്കം മുതൽ സെർബിയക്കുവേണ്ടി സപ്പോർട്ട് ചെയ്യുകയാണ് ജുവൽ മോൾ. എവിടെ സെർബിയൻ ആരാധകരെ കണ്ടാലും അവരോട് സംസാരിക്കും, ഹസ്തദാനം ചെയ്യും... എല്ലാ കടകളിലും ചുരുക്കം ജഴ്സി മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ, എംബസി നേരിട്ട് അതെല്ലാം വാങ്ങിച്ച് ആരാധകർക്ക് എത്തിക്കുകയായിരുന്നു.
പപ്പയും അമ്മയും മകളെ വല്യമ്മയോടൊപ്പം ആക്കിയിട്ട് ഒരു സെർബിയൻ ട്രിപ്പ് പോയിരുന്നു. അന്നുമുതൽ തുടങ്ങിയ ഇഷ്ടമാണ്. കൂടെ കൊണ്ടുപോകാഞ്ഞതുകൊണ്ടു പക വീട്ടുകയാണ് അല്ലേ എന്നുള്ള ചോദ്യത്തിന്, അവരു കുറച്ചു ബുദ്ധിമുട്ടട്ടെ എന്നാണ് മോളുടെ മറുപടി. ഒടുവിൽ പ്ലെയിൻ ജഴ്സി വാങ്ങി പ്രിന്റ് അടിപ്പിച്ചാണ് ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്തത്.
ഇവിടത്തെ ട്രാഫിക് സംവിധാനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ലോകകപ്പ് സമയം ട്രാഫിക് ജാം പ്രതീക്ഷിച്ച ഞങ്ങൾക്കു തെറ്റി എന്നതാണ് വാസ്തവം.
അഭൂതപൂർവമായ മെട്രോയിലെ തിരക്കുകൾ നിയന്ത്രിക്കുന്ന രീതിയും, പ്രയോറിറ്റി ലൈനും, റോഡുകളിൽ ബസിനും ടാക്സിക്കും വേണ്ടി മാത്രമായി ഒരു വരി പാതയും എല്ലാം കൃത്യമായി ചിട്ടയോടെ നടക്കുന്നു. മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ അവിടെനിന്നും ധാരാളം ഇലക്ട്രിക് ബസുകൾ. ഇതിനെല്ലാം പുറമേ ഇതിനുവേണ്ടി നന്നായി അധ്വാനിക്കുന്ന പോലീസ് സംവിധാനങ്ങളും. എത്ര പറഞ്ഞാലും, അഭിനന്ദിച്ചാലും മതിവരാത്ത വോളണ്ടിയർമാരും. നാളുകളായി നടത്തിവന്നിരുന്ന ട്രയൽ റണ്ണാണ് ഇതിന്റെയെല്ലാം വിജയത്തിനു കാരണം.
സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാനീസ് ആരാധകർ ഇതിനകം ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. റഷ്യൻ ലോകകപ്പിലും ജാപ്പനീസ് ആരാധകർ അവർ ഇരിക്കുന്നിടവും പരിസരവും വൃത്തിയാക്കിയാണു മടങ്ങിയിരുന്നത്. ഇത്തരം പ്രവൃത്തികൾ കണ്ട് കൈയടിച്ചു തള്ളിക്കളയാതെ നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കാവുന്നതാണ്...
ഇവിടുണ്ട്, ഇങ്ങനെയും ആരാധകർ...
12:37 AM Nov 25, 2022 | Deepika.com