അഹമ്മദാബാദ്: 36-ാം ദേശീയ ഗെയിംസിൽ സൂപ്പർ നീന്തൽ താരം സജൻ പ്രകാശിന്റെ സ്വർണക്കൊയ്ത്ത്. കേരളത്തിനായി അഞ്ചാം സ്വർണവും സജൻ പ്രകാശ് നീന്തിയെടുത്തു. ഇന്നലെ രണ്ട് സ്വർണം സജൻ സ്വന്തമാക്കി.
പുരുഷ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിലും 200 മീറ്റർ മെഡ്ലെയിലുമായിരുന്നു ഇന്നലെ സജൻ സ്വർണമണിഞ്ഞത്. ഇതോടെ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ എട്ട് മെഡൽ സജൻ ഈ ദേശീയ ഗെയിംസിൽ സ്വന്തമാക്കി.
200 മീറ്റർ മെഡ്ലെയിൽ 2:05.81 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണത്തിൽ മുത്തമിട്ടത്. കർണാടകയുടെ എസ്. ശിവ വെള്ളി നേടിയപ്പോൾ തമിഴ്നാടിന്റെ രോഹിത് ബെനെഡിക്ടണ് വെങ്കലം നേടി. 400 മീറ്റർ ഫ്രീ സ്റ്റൈലിൽ 3:58.11 സെക്കൻഡിലായിരുന്നു സജന്റെ സുവർണ ഫിനിഷ്. മധ്യപ്രദേശിന്റെ അദ്വൈത് പാഗേ വെള്ളിയും കർണാടകയുടെ അനീഷ് ഗൗഡ വെങ്കലവും സ്വന്തമാക്കി.
ഗെയിംസിൽ കേരളം വാട്ടർപോളോയിൽ മെഡൽ ഉറപ്പാക്കി. പുരുഷന്മാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ പ്രവേശിച്ചതോടെയാണിത്. സെമി ഫൈനലിൽ 9-7ന് ബംഗാളിനെ കീഴടക്കി കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ഒറ്റയ്ക്കൊരു സജൻ!
12:42 AM Oct 08, 2022 | Deepika.com