അഹമ്മദാബാദ്: നീന്തലിൽ കേരളത്തിന്റെ സ്വർണമത്സ്യമായി സജൻ പ്രകാശ്. പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ മീറ്റ് റിക്കാർഡോടെ സജൻ സ്വർണം സ്വന്തമാക്കി.
1:59.56 സെക്കൻഡിലാണ് സജൻ സ്വർണവുമായി നീന്തിക്കയറിയത്. ഇതോടെ 36-ാം ദേശീയ ഗെയിംസിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ സജന്റെ മെഡൽ നേട്ടം നാലായി.
100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിലായിരുന്നു സജന്റെ ആദ്യ സ്വർണം. പിന്നീട് 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 200 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ ഇനങ്ങളിൽ വെള്ളി നേടുകയും ചെയ്തു. കോവിഡ്-19 രോഗബാധിതനായശേഷം പൂർണ ആരോഗ്യത്തിലേക്ക് സജൻ തിരിച്ചെത്തിയില്ല എന്നതും ഈ മെഡൽ നേട്ടങ്ങളുടെ തിളക്കം വർധിപ്പിക്കുന്നു.
അന്പെയ്ത് സ്വർണം
അന്പെയ്ത്ത് വനിതാ ടീം ഇനത്തിൽ കേരളം സ്വർണം സ്വന്തമാക്കി. ഫൈനലിൽ 5-3ന് മണിപ്പൂരിനെയാണ് കേരളം കീഴടക്കിയത്. അത്ലറ്റിക്സിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതി വെള്ളി നേടി.
ഖോ ഖോയിൽ കേരള വനിതകൾ വെള്ളി നേടി. വനിതകളുടെ ഭാരോദ്വഹനം 87+ വിഭാഗത്തിൽ കേരളത്തിന്റെ എം.ടി. ആൻ മരിയ വെള്ളി സ്വന്തമാക്കി.
സ്വർണമത്സ്യം
12:32 AM Oct 06, 2022 | Deepika.com