പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീ സാൻ ഷെർമയ്നായി അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയുടെ മിന്നും ഫ്രീ കിക്ക് ഗോൾ. ഇതോടെ രാജ്യത്തിനും ക്ലബ്ബുകൾക്കുമായി ഫ്രീ കിക്കിലൂടെ മെസിയുടെ ഗോൾ നേട്ടം 60 ആയി. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ (58) രണ്ട് ഫ്രീ കിക്ക് ഗോളിന്റെ ലീഡിലാണ് മെസി.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കായി മെസിയുടെ ആദ്യ ഫ്രീ കിക്ക് ഗോളാണ്. ബാഴ്സലോണയ്ക്കായി 50ഉം അർജന്റീനയ്ക്ക് ഒന്‍പതും ഫ്രീ കിക്ക് ഗോൾ മെസി നേടിയിട്ടുണ്ട്. 29-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ നീസിനെതിരേ പിഎസ്ജി ലീഡ് നേടി. എന്നാൽ, 47-ാം മിനിറ്റിൽ ലബോർഡെയിലൂടെ നീസ് ഒപ്പം പിടിച്ചു. എന്നാൽ, 83-ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെയിലൂടെ പിഎസ്ജി ജയത്തിൽ എത്തി. ലീഗിൽ തോൽവി അറിയാതെ മുന്നേറുന്ന പിഎസ്ജി ഒന്‍പത് മത്സരങ്ങളിൽ 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലീഗിൽ പിഎസ്ജി തുടർച്ചയായി 18 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.
ഫ്രീ കിക്ക് മെസി...
02:13 AM Oct 03, 2022 | Deepika.com