ലോക ചാന്പ്യൻ അഭിജിത്
ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണം സമ്മാനിച്ച അഭിജിത് സ്കേറ്റിംഗിൽ ലോക ചാന്പ്യനാണ്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ഈ മിടുക്കൻ. 2019ൽ സ്പെയ്നിലെ ബാഴ്സലോണയിൽ നടന്ന വേൾഡ് റോളർ ഗെയിംസിൽ ആർട്ടിസ്റ്റിക് ഇൻലൈൻ ജൂണിയർ പുരുഷ വിഭാഗത്തിൽ അഭിജിത് സ്വർണം കരസ്ഥമാക്കിയിരുന്നു. 2016 വേൾഡ് റോളർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ ചരിത്രവും ഈ മലയാളി താരത്തിനു സ്വന്തം.
സുവർണ വിദ്യ
റോളർ സ്പോർട്സിലൂടെ രണ്ട് സ്വർണവും ഒരു വെങ്കലവും ഇന്നലെ കേരള അക്കൗണ്ടിൽ എത്തി. വിദ്യ ദാസ് കേരളത്തിനായി സ്വർണത്തിൽ മുത്തമിട്ടു. റോളർ സ്പോർട്സ് സ്കേറ്റ്ബോർഡിംഗ് പാർക്ക് വനിതാ വിഭാഗത്തിലായിരുന്നു വിദ്യ ദാസിന്റെ സുവർണനേട്ടം. സ്കേറ്റ്ബോർഡിംഗ് പാർക്ക് പുരുഷ വിഭാഗം ഓപ്പണ് പോരാട്ടത്തിൽ എസ്. വിനീത് വെങ്കലം സ്വന്തമാക്കി.
കേരളത്തിന്റെ അക്കൗണ്ടിൽ ഇതോടെ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ആയി. മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം. 38 സ്വർണം, 37 വെള്ളി, 52 വെങ്കലം എന്നിങ്ങനെ 127 മെഡലുമായി ബംഗാൾ ആണ് ഒന്നാം സ്ഥാനത്ത്.
ചക്രത്തിനു മുകളിലെ അഭ്യാസം
റോളർ സ്പോർട്സ് ചക്രംഘടിപ്പിച്ച ഷൂ കൊണ്ടുള്ള മാജിക്കാണെന്നു പറഞ്ഞാൽ തെറ്റില്ല. അത്രയ്ക്ക് കൈ-മെയ് വഴക്കം ഈ കായിക ഇനത്തിന് അവശ്യമാണ്. ഫ്രീ സ്കേറ്റിംഗ് എന്നത് ഫിഗർ സ്കേറ്റിംഗ് എന്നും ഫ്രീ സ്കേറ്റ് എന്നുമെല്ലാം അറിയപ്പെടുന്നു. സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന റോളർ ഡാൻസ് ആണിത്.
ഏറ്റവും മികച്ച ശാരീരിക ബാലൻസ് ആണ് ഇതിന് ആവശ്യം. ജംപ്സ്, സ്പിൻസ്, സ്റ്റെപ്സ്, മറ്റ് മൂവ്മെന്റുകൾ എല്ലാം സമന്വയിപ്പിച്ച ഉരുളുന്ന ചക്രത്തിലുള്ള ഡാൻസ് അഭ്യാസമാണ് സിംഗിൾ സ്കേറ്റിംഗ്.