ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2022-23 സീസണിലേക്ക് തയാറെടുക്കുന്ന ബംഗളൂരു എഫ്സി കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ആദ്യ സൂചനയാണ് 2022 ഡ്യൂറന്റ് കപ്പിൽ അവർ മുത്തമിട്ടത്.
സുനിൽ ഛേത്രി എന്ന സൂപ്പർ താരത്തിനൊപ്പം 2022-23 സീസണിലേക്കായി രണ്ടു ശ്രദ്ധേയ കളിക്കാർകൂടി ബംഗളൂരുവിൽ എത്തി, ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയും കേരള ബ്ലാസ്റ്റേഴ്സ് മുൻതാരം സന്ദേശ് ജിങ്കനും.
ബ്ലാസ്റ്റേഴ്സ് x ബംഗളൂരു
ഡിസംബർ 11നാണ് കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി ബംഗളൂരുവിന്റെ മത്സരം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് x ബംഗളൂരു പോരാട്ടം.
ഒക്ടോബർ എട്ടിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ബംഗളൂരുവിൽവച്ചാണ് സുനിൽ ഛേത്രി സംഘത്തിന്റെ ആദ്യ മത്സരം.
നിർണായക ട്രാൻസ്ഫർ
2022-23 സീസണിലേക്കായി നാലു നിർണായക കളിക്കാരെ ബംഗളൂരു എഫ്സി സ്വന്തമാക്കി. അതിൽ ഏറ്റവും ശ്രദ്ധേയം എടികെ മോഹൻ ബഗാന്റെ സ്ട്രൈക്കർ ആയിരുന്ന റോയ് കൃഷ്ണയെ സ്വന്തമാക്കിയതാണ്. എടികെയെ ഒരു തവണ ഐഎസ്എൽ കിരീടത്തിൽ എത്തിക്കുകയും രണ്ടു തവണ ലീഗിന്റെ ടോപ് സ്കോറർ ആകുകയും ചെയ്ത താരമാണു റോയ് കൃഷ്ണ. ബംഗളൂരുവിനായി ഇതിനോടകം ഈ ഫിജിയൻ താരം ആറു മത്സരങ്ങളിൽ മൂന്നു ഗോൾ നേടിക്കഴിഞ്ഞു.
ബ്ലാസ്റ്റേഴ്സ് മുൻതാരമായ ഡിഫെൻഡർ സന്ദേശ് ജിങ്കനെ സ്വന്തമാക്കിയതാണു ബംഗളൂരുവിന്റെ മറ്റൊരു നിർണായക നീക്കം. എടികെ മോഹൻ ബഗാനിൽനിന്നു രണ്ടു പേരും ഫ്രീട്രാൻസ്ഫറിലൂടെയാണു ബംഗളൂരു ടീമിൽ എത്തിയത്. അതോടൊപ്പം എടികെ മോഹൻ ബഗാന്റെ ഡിഫൻഡർ പരാബിർ ദാസിനെ സ്വന്തമാക്കുകയും ചെയ്തു.
ഓസ്ട്രേലിയ - സെർബിയ ഡിഫൻഡറായ അലക്സാണ്ടർ ജൊവനോവിച്ച്, സ്പാനിഷ് മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസ് എന്നിവരെയും ബംഗളൂരു ഇത്തവണ ടീമിലെത്തിച്ചു.
ഛേത്രി, റോയ്, ജിങ്കൻ...
11:47 PM Sep 26, 2022 | Deepika.com