ലണ്ടൻ: ഞങ്ങൾ എല്ലാവരേക്കാളും വലുത് ടെന്നീസ് ആണ് - പറയുന്നത് മറ്റാരുമല്ല, സ്വിസ് ഇതിഹാസം റോജർ ഫെഡറർ. മത്സര ടെന്നീസിൽ തന്റെ അവസാന മത്സരത്തിനു മുന്പായി നടന്ന അഭിമുഖത്തിലായിരുന്നു റോജർ ഫെഡറർ ഇങ്ങനെ പറഞ്ഞത്. ലോഡ് ലേവർ കപ്പിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അവസാനിച്ച മത്സരത്തോടെ റോജർ ഫെഡറർ ടെന്നീസ് കളത്തിൽനിന്ന് വിടവാങ്ങി... ഇനി ഫെഡെക്സ് കളത്തിലില്ല, ആരാധകഹൃദയങ്ങളിൽ...
ഇന്ത്യൻ സമയം കഴിഞ്ഞ രാത്രി 12.50ന് ആരംഭിച്ച പുരുഷ ഡബിൾസ് ആയിരുന്നു റോജർ ഫെഡററിന്റെ അവസാന മത്സരം. ചിരവൈരിയായ റാഫേൽ നദാലിന് ഒപ്പമായിരുന്നു റോജർ ഫെഡറർ ഇറങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ റൈവൽറി ആയാണ് റോജർ ഫെഡറർ x റാഫേൽ നദാൽ പോരാട്ടങ്ങൾ അറിയപ്പെട്ടിരുന്നത്.
ചരിത്രശത്രുവായ നദാലിനൊപ്പം ലോഡേ ലേവർ കപ്പ് ഡബിൾസിൽ ഒന്നിച്ച് ഒരു കോർട്ടിൽ ഇറങ്ങിയാണ് ഫെഡറർ ടെന്നീസ് പോരാട്ടം അവസാനിപ്പിച്ചതെന്നതും ശ്രദ്ധേയം. 2004 മയാമി മാസ്റ്റേഴ്സിലൂടെയാണ് ഫെഡറർ x നദാൽ റൈവൽറി ആരംഭിച്ചത്. ഇരുവരും ആകെ 40 മത്സരങ്ങളിൽ നേർക്കുനേർ ഇറങ്ങി. അതിൽ 24-16ന് നദാലിനാണ് ലീഡ്.
അവസാന മത്സരത്തിനു മുന്പായി ബ്രിട്ടന്റെ ആൻഡി മുറെ, സെർബിയയുടെ നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവർക്ക് ഒപ്പം നൽകിയ അഭിമുഖത്തിലാണ് ടെന്നീസ് ആണ് ഞങ്ങളേക്കാൾ വലുതെന്ന് റോജർ ഫെഡറർ പറഞ്ഞത്. ടെന്നീസിൽ ബിഗ് ഫോർ എന്നാണ് ഇവർ അറിയപ്പെടുന്നത്.
ഈ കൂട്ടത്തിൽ എനിക്കാണ് പ്രായക്കൂടുതൽ. അതുകൊണ്ട് ആദ്യം ഞാൻ പടിയിറങ്ങുന്നു. തിരിച്ചുവരാൻ കഴിവതും ശ്രമിച്ചെങ്കിലും പ്രായം അനുവദിച്ചില്ല. ഇവർ ഇനിയും കൂടുതൽ പോരാട്ടങ്ങളിൽ ഇറങ്ങുന്പോൾ അതെല്ലാം ഞാൻ കിടന്നും ഇരുന്നും കണ്ട് ആസ്വദിക്കും - ചിരിയോടെ റോജർ ഫെഡറർ പറഞ്ഞു.
ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടനേട്ടത്തിൽ അമേരിക്കയുടെ പീറ്റ് സംപ്രാസിന്റെ 14 കിരീടങ്ങൾ എന്ന റിക്കാർഡ് മറികടന്ന റോജർ ഫെഡറർ ആണ് ആദ്യം 20 ഗ്രാൻസ്ലാം നേട്ടത്തിൽ എത്തിയത്.
പരിക്കും ശസ്ത്രക്രിയയും വലച്ചതോടെ 20 കിരീടങ്ങളിൽനിന്ന് മുന്നോട്ടു പോകാൻ ഫെഡററിനു സാധിച്ചില്ല. അതിനിടെ റാഫേൽ നദാലും (22) നൊവാക് ജോക്കോവിച്ചും (21) ഫെഡററിനെ പിന്തള്ളുകയും ചെയ്തു.
ടെന്നീസ് മറക്കില്ല ഈ മുഖം...
12:49 AM Sep 24, 2022 | Deepika.com